യുഎഇ പ്രളയത്തില്‍ , കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ

ദുബൈ: യു.എ.ഇ പ്രളയത്തില്‍ മുങ്ങി. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

റാസല്‍ഖൈമയില്‍ മലവെള്ളപാച്ചിലില്‍ ഒരാള്‍ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ ദുബൈയില്‍ നിന്നുള്ള ഫ്‌ലൈദുബൈ വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

1949 ല്‍ മഴവിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ് യു.എ.ഇ ഇന്നലെ സാക്ഷ്യം വഹിച്ചത്. അല്‍ഐനിലെ ഖത്തമുല്‍ ശഖ്‌ലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയിലെ വാദി ഇസ്ഫാനിയിലാണ് മലവെള്ളപാച്ചിലില്‍ കുടുങ്ങി നാല്‍പത് വയസുകാരനായ യു.എ.ഇ സ്വദേശി മരിച്ചത്.

റണ്‍വേയില്‍ വെള്ളം കയറിയാതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. 45 ലേറെ വിമാനങ്ങള്‍ റദ്ദാക്കി. ദുബൈയിലേക്ക് വരുന്ന മുഴുവന്‍ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്. ദുബൈയില്‍ നിന്നുള്ള ഫ്‌ലൈദുബൈയുടെ ഇന്നലത്തെ മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. ഇന്ന് രാവിലെ പത്ത് വരെയുള്ള സര്‍വീസുകളെയും ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.

അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, അല്‍ഐന്‍ തുടങ്ങി മിക്ക യു.എ.ഇ നഗരങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബൈ മെട്രോ സര്‍വീസുകള്‍ പലതും റദ്ദാക്കി. റെഡ്‌ലൈനില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് മുതല്‍ ഇന്റര്‍നെറ്റ് സിറ്റിവരെയുള്ള സര്‍വീസ് നിലച്ചുവെന്ന് ആര്‍.ടി.എ അറിയിച്ചു. ഏഴ് എമിറേറ്റുകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പ്രധാനഹൈവേയായ ശൈഖ് സായിദ് റോഡില്‍ വെള്ളം കയറിയതിനാല്‍ യാത്രക്ക് മറ്റ് ഹൈവേകള്‍ തെരഞ്ഞെടുക്കണമെന്ന് ആര്‍.ടി.എ അറിയിച്ചു.

സ്‌കൂളുകളില്‍ ഇന്നും ഓണ്‍ലൈന്‍പഠനം തുടരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി. മഴയില്‍ വ്യാപകനാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. മേല്‍ക്കൂര തകര്‍ന്ന് ബഹുനിലകെട്ടിങ്ങളില്‍ വരെ ചോര്‍ന്നൊലിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങള്‍ക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കന്‍ എമിറേറ്റുകളില്‍ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി യു.എ.ഇയിക്ക് പുറമേ ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സൗദി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു

Advertisement