19 വർഷം മുമ്പ് നാടുവിട്ട മലയാളി, യുകെ പൊലീസിൻറെ പിടിയിലായി; തുണയായി ഫേസ്ബുക്ക് പോസ്റ്റ്! ഒടുവിൽ ആശ്വാസം

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് തുണച്ചു 19 വർഷം മുൻപ് നാട് വിട്ട യുവാവ് തിരികെ നാട്ടിലെത്തി. കല്ലമ്പലം നെടുംപറമ്പ് സ്വദേശി അജയ് ഭാസിയാണ് (37) തിരികെ നാട്ടിലെത്തിയത്. മകൻ്റെ തിരിച്ചുവരവിൽ സന്തോഷവതിയാണ് മാതാവ് ശോഭയും ബന്ധുക്കളും. ഡൽഹിയിലെ പൊതുപ്രവർത്തകയും സാമൂഹിക പ്രവർത്തകയായ ദീപ ജോസഫിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് അജയ്ക്ക് തിരികെ നാട്ടിലെത്താൻ സഹായകമായത്.

സംഭവം ഇങ്ങനെ

നാടുവിട്ട് ലണ്ടനിലെത്തിപ്പെട്ട ഇരട്ട സഹോദരന്മാരിൽ ഒരാളായ അജയ് ഭാസി വിസാ ചട്ടങ്ങൾ ലംഘിച്ചതിന് യു കെ പൊലീസിന്റെ പിടിയിലായിരുന്നു. തുടർന്ന് ഒരു വർഷത്തോളം അവിടത്തെ ഡിറ്റെൻഷൻ ക്യാമ്പിൽ കഴിഞ്ഞു. ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞശേഷം അവിടെനിന്ന് എമർജൻസി പാസ്പോർട്ടിൽ ഡൽഹിയിലേക്ക് കയറ്റി അയച്ചു. ഡൽഹിയിൽ വന്നിറങ്ങുമ്പോൾ അജയ്യുടെ കൈയിൽ ആകെയുള്ളത് പാസ്പോർട്ടും ഒന്ന് രണ്ടു മുഷിഞ്ഞ വസ്ത്രങ്ങളും മാത്രം. അവിടെ അലഞ്ഞുനടന്നു. വിശപ്പ് സഹിക്കാൻ വയ്യാതെ കടയിൽനിന്ന് ഭക്ഷണം എടുത്തു കഴിച്ചു.

കൊടുക്കാൻ പണമില്ലാത്തതിന് കടയുടമ പ്രശ്നമുണ്ടാക്കുമ്പോഴാണ് മലയാളി സാമൂഹിക പ്രവർത്തകയും സുപ്രീംകോടതി അഭിഭാഷകയുമായ ദീപ ജോസഫിന്റെ ശ്രദ്ധയിൽപെടുന്നത്. അവർ ഇടപെടുമ്പോൾ പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയുന്ന ചെറുപ്പക്കാരൻ ഒറ്റപ്പെട്ട് നിൽക്കുകയാണെന്ന് മനസ്സിലായി. തുടർന്ന്, അവർ അജയ്യുടെ ഫോട്ടോയെടുത്തു. കടയുടമക്ക് പണം നൽകിയശേഷം ജോലിക്ക് പോയി. തിരക്കൊഴിഞ്ഞപ്പോൾ ഫോട്ടോ ഉൾപ്പെടെ പാസ്പോർട്ടിലെ വിലാസവും ഉൾപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ആ ഫേസ്ബുക് പോസ്റ്റിലെ പാസ്പോർട്ട് വിലാസം കണ്ടാണ് അജയിയെ നാട്ടുകാർ തിരിച്ചറിയുന്നത്. ഇവിടെനിന്ന് നാട്ടുകാർ ദീപ ജോസഫിനെ ബന്ധപ്പെടുമ്പോൾ അജയ് എവിടെയുണ്ടെന്ന് അറിയാത്ത അവസ്ഥയായി. തുടർന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി. ഡൽഹിയിൽ മലയാളി അസോസിയേഷനും കൂടെക്കൂടി. അജയിയെ കണ്ടുപിടിക്കാൻ നാടൊന്നായി ഇറങ്ങി.

നാട്ടിൽനിന്ന് കല്ലുവിള രാജീവ്‌, ഹേലി എന്നിവർ ഡൽഹിയിലേക്ക് പോയി. സി പി എം ജില്ല കമ്മിറ്റി അംഗം മടവൂർ അനിൽ, അംബിക എം എൽ എ, എ എ. റഹീം എം പി എന്നിവർ ഇടപെട്ടു. ഡൽഹി മലയാളി അസോസിയേഷൻ ഭാരവാഹികൂടിയായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷാജി അവിടെ പൊലീസ് നടപടികൾ ഏകോപിപ്പിച്ചു. ദില്ലിയിലേക്ക് പോയ രാജീവും ഹേലിയും അജയിയെ കണ്ടെത്താനാകാതെ ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചു. പക്ഷേ, അവർ തിരികെയെത്തും മുമ്പുതന്നെ യുവാവിനെ കണ്ടെത്തിയെന്നുള്ള പൊലീസ് സന്ദേശം നാട്ടിലെത്തി.

ശനിയാഴ്ച ഡൽഹിയിൽ എയർപോർട്ട് പരിസരത്തുനിന്ന് അജയിയെ ദില്ലി എയർപോർട്ട് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് കല്ലുവിള രാജീവും ഹേലിയും അജയിയുടെ മാതാവ് ശോഭക്കൊപ്പം രാത്രി വീണ്ടും തിരിച്ചു ഡൽഹിക്ക് പോയി. അവിടെ നടപടികൾ പൂർത്തിയാക്കി അജയിയെയും കൊണ്ട് അവർ തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലെത്തി. ഉച്ചയോടെ കല്ലമ്പലത്തെ വീട്ടിലെത്തി. രണ്ടു പതിറ്റാണ്ടിൻറെ കാത്തിരിപ്പിനൊടുവിൽ അജയ് സ്വന്തം വീട്ടിലെത്തി.

Advertisement