സ്വന്തം കുഞ്ഞിന്റെ ജഡം ഭക്ഷിച്ച് അമ്മക്കുരങ്ങ്: അപൂർവമെന്ന് ഗവേഷകർ

സ്വന്തം കുഞ്ഞിന്റെ ജഡം ഭക്ഷണമാക്കുന്ന ഒരു അമ്മക്കുരങ്ങിനെ കണ്ടെത്തിയിരിക്കുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ഒരു സഫാരി പാർക്കിലാണ് മാൻഡ്രില്ലസ് ല്യൂക്കോഫേയസ് ഇനത്തിൽപ്പെട്ട പെൺ കുരങ്ങുകളിൽ ഒന്ന് സ്വന്തം കുഞ്ഞിന്റെ ജഡം ദിവസങ്ങളോളം ചുമന്നു നടന്ന് ഭക്ഷിക്കുന്നതായി ഗവേഷകർ കണ്ടെത്തിയത്.

ഇറ്റലിയിലെ പിസ സർവകലാശാലയിൽ നിന്നുമുള്ള ഗവേഷകർ 2020 ൽ നടത്തിയ പഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവിട്ടത്. തടവിൽ പാർപ്പിച്ചിരിക്കുന്ന കുമാസി എന്ന് പേര് നൽകിയിരിക്കുന്ന കുരങ്ങാണ് ഇത്തരത്തിൽ വിചിത്രമായി പെരുമാറിയിരിക്കുന്നത്. കുരങ്ങുകൾക്കിടയിൽ സ്വന്തം വർഗ്ഗത്തിൽപ്പെട്ടവയെ ഭക്ഷിക്കുന്ന സ്വഭാവം അപൂർവമാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.

ആരോഗ്യ പ്രശ്നങ്ങളോടെയാണ് കുഞ്ഞ് ജനിച്ചിരുന്നത്. ആദ്യത്തെ ആറ് ദിവസങ്ങളിൽ കുഞ്ഞിനെ ആക്രമിക്കാൻ കുമാസി മുതിർന്നിരുന്നില്ലെന്ന് സഫാരി പാർക്കിലെ ജോലിക്കാർ പറയുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് പോകുന്നിടത്തെല്ലാം കുഞ്ഞിന്റെ ജഡവും കുമാസി കൊണ്ടുപോകും. കൂട്ടത്തിലുള്ള മറ്റു കുരങ്ങുകൾ കുഞ്ഞിനരികിലേക്ക് എത്താൻ പോലും അമ്മക്കുരങ്ങ് സമ്മതിച്ചിരുന്നില്ല. കുമാസി തന്നെയാണോ കുഞ്ഞിനെ കൊല ചെയ്തത് എന്ന കാര്യവും വ്യക്തമല്ല.

കുഞ്ഞിന്റെ അനക്കം നിലച്ചതോടെ മറ്റു ചില കുരങ്ങുകൾ അതിന് ജീവൻ ഉണ്ടോയെന്ന് പരിശോധിച്ചിരുന്നു. ഇതിനായി കുഞ്ഞിനെ വലിച്ചിഴയ്ക്കുകയും വട്ടം ചുറ്റുകയുമെല്ലാം ചെയ്തു. എന്നാൽ കുഞ്ഞ് ചത്തതാണെന്ന് ഉറപ്പിച്ചതോടെ ജഡത്തിന് അരികിലെത്തിയ കുരങ്ങുകളെയെല്ലാം കുമാസി തുരത്തുകയായിരുന്നു. കുഞ്ഞ് മരണപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ കുമാസി അതിനെ ഭക്ഷിച്ചു തുടങ്ങി. ചുമന്നു നടന്ന ജഡം പൂർണ്ണമായും കുമാസി തന്നെയാണ് തിന്നുതീർത്തത്. അതിനരികിൽ നിന്നും അമ്മ കുരങ്ങ് നീങ്ങിയതിനു ശേഷം അവശിഷ്ടങ്ങൾ പാർക്ക് അധികൃതർ നീക്കം ചെയ്യുകയായിരുന്നു.

അമ്മ കുരങ്ങ് ഇത്തരത്തിൽ പെരുമാറിയതിന് പിന്നിലെ യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. എങ്കിലും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നുമുള്ള മാറ്റമാവാം വിചിത്ര സ്വഭാവം പ്രകടിപ്പിക്കാനുള്ള കാരണമെന്നാണ് അനുമാനം. ജഡം മറ്റ് കുരങ്ങുകൾക്ക് പങ്കുവയ്ക്കാതിരുന്നതിലൂടെ പോഷണം നേടിയെടുക്കുകയായിരുന്നു കുമാസിയുടെ ലക്ഷ്യം എന്നും ഗവേഷകർ വിലയിരുത്തുന്നുണ്ട്. പ്രൈമേറ്റ്സ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Advertisement