ഏകദിന ക്രിക്കറ്റിന്റെ കാലം കഴിയുന്നുവോ? ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി എംസിസി

EDGBASTON, ENGLAND - June 15 2013: India's Mahendra Singh Dhoni and Pakistan's Umar Amin during the ICC Champions Trophy cricket match between India and Pakistan at Edgbaston Cricket Ground.

ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി ക്രിക്കറ്റിലെ നിയമ നിര്‍മാതാക്കളായ മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). 2027ലെ ഏകദിന ലോകകപ്പിനുശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എംസിസി നിര്‍ദേശിച്ചു. അടുത്തിടെ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന എംസിസിയുടെ 13 അംഗ ലോക ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യുസിസി) യോഗത്തിലാണ് തീരുമാനം.
ഓരോ ലോകകപ്പിനും തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ ഒഴികെ ദ്വിരാഷ്ട്ര പരമ്പരകള്‍ ഒഴിവാക്കണമെന്ന് എംസിസി നിര്‍ദേശിച്ചു. ലോകമെമ്പാടും ട്വന്റി20 ആഭ്യന്തര ഫ്രാഞ്ചൈസി ലീഗുകള്‍ വര്‍ധിച്ചതു കണക്കിലെടുത്താണ് പാനലിന്റെ നിര്‍ദേശം.
എംസിസി അതിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ”ഐസിസി ലോകകപ്പില്‍ അല്ലാതെ പുരുഷന്മാരുടെ രാജ്യാന്തര ഏകദിന മത്സരങ്ങളുടെ പ്രസക്തി സമിതി ചോദ്യം ചെയ്തു, 2027 ഐസിസി പുരുഷ ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തു.” എന്ന് കുറിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റ് കുറയ്ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വര്‍ധിക്കുകയും ആഗോള ക്രിക്കറ്റില്‍ കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിര്‍ത്തുന്നതിനു കൂടുതല്‍ ധനസഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Advertisement