യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ; വെടിവച്ചിട്ടാൽ അപകടം, ജാഗ്രതയിൽ യുഎസ്

വാഷിങ്ടൻ: അമേരിക്കൻ– ചൈന ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തി യുഎസിന്റെ വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും, ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നുവച്ചു.

ബലൂൺ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തു കൂടിയാണ് നീങ്ങുന്നതെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ജനജീവിതത്തിന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തൽ. അതേസമയം, സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചതായി ചൈന അറിയിച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വരും ദിവസങ്ങളിൽ ചൈനയിൽ സന്ദർശനം നടത്താനിരിക്കെയാണ് ഇത്തരമൊരു ചാര ഉപകരണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ വർഷം നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ബ്ലിങ്കന്റെ ചൈനീസ് സന്ദർശനം.

ഏതാനും ദിവസങ്ങളായി യുഎസിന്റെ വടക്കൻ മേഖലയ്ക്കു മുകളിൽ ദുരൂഹസാഹചര്യത്തിൽ നീങ്ങുന്ന ചൈനീസ് ചാര ബലൂൺ നിരീക്ഷണത്തിലാണെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി. നിലവിൽ ഈ ചാര ബലൂൺ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തായതിനാൽ ജനത്തിന് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകളെക്കുറിച്ച് പ്രതിരോധ വിഭാഗവുമായി ചർച്ച നടത്തി. ബലൂൺ വെടിവച്ചിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് ജീവപായം ഉണ്ടാകാൻ സാധ്യതയുള്ളതായി പ്രതിരോധ വിഭാഗം പ്രസിഡന്റിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അത്തരമൊരു നീക്കം ഉപേക്ഷിച്ചത്.

യുഎസിലെ തന്ത്രപരമായ മേഖലകൾക്കു മുകളിലൂടെ ഉൾപ്പെടെ ഈ ചാര ഉപകരണം നീങ്ങുന്നതിനാൽ, യുഎസ് അധികൃതർ ജാഗ്രതയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവനു ഭീഷണിയില്ലെങ്കിലും ഉപകരണത്തിന്റെ നീക്കം സജീവമായി നിരീക്ഷിക്കാനാണ് തീരുമാനം. അതേസമയം, യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.

‘‘രാജ്യാന്തര നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഉത്തരവാദിത്തമുള്ള രാജ്യമാണ് ചൈന. ഒരു രാജ്യത്തിന്റെയും വ്യോമ മേഖലയിലോ ഭൂവിഭാഗത്തിലോ കടന്നുകയറി നിയമം ലംഘിക്കാൻ ചൈനയ്ക്ക് താൽപര്യമില്ല’ – അവരുടെ പ്രതിരോധ വക്താവ് മാവോ നിങ് അറിയിച്ചു. ഈ ഘട്ടത്തിൽ വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ അദ്ദേഹം യുഎസ്, ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു.

Advertisement