ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്? മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന

പാരീസ്: സാമ്പത്തികമേഖലയെ ആശങ്കയിലാഴ്ത്തുന്ന മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ലോക വ്യാപാര സംഘടനയുടെ മേധാവി മുന്നറിയിപ്പ് നൽകുന്നത്.

മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ലോകരാജ്യങ്ങൾ ആവിഷ്ക്കരിക്കണമെന്നും ലോകവ്യാപര സംഘടന മേധാവി ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു. ജനീവയിൽ ലോകവ്യാപര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അവർ ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്.

ആഗോളതലത്തിൽ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ അല്ല നൽകുന്നത് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില ലോകമെമ്പാടും ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ ഉത്പാദനത്തെ ഗുരുതരമായി ബാധിച്ചു. ഇതു കാ‍ർഷിക രംഗത്തും കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടൊപ്പം യുക്രൈൻ യുദ്ധവും കോവിഡും സ്ഥിതി സങ്കീർണമാക്കിയെന്നും അവ‍ർ പറയുന്നു.എല്ലാ രാജ്യങ്ങളേയും ഈ പ്രതിസന്ധി ഒരു പോലെ ബാധിച്ചു തുടങ്ങിയതിനാൽ തന്നെ ലോകം വൈകാതെ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ഗോസി ഒകോഞ്ചോ പറഞ്ഞു.

Advertisement