തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി ശാസ്താംകോട്ട കോളേജ്;പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് കെഎസ് യു

ശാസ്താംകോട്ട:തെരുവ് നായ്ക്കളുടെ ശല്യം കാരണം ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും വലയുന്നു.ശാസ്താംകോട്ട
ജംഗ്ഷനിൽ നിന്നും കോളേജിലേക്കുള്ള റോഡിലെ നായക്കൂട്ടങ്ങൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുക്കുക പതിവാണ്.പലപ്പോഴും നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ ഭയന്നോടുന്ന വിദ്യാർത്ഥികൾക്ക് വീണ് പരിക്കേൽക്കാറുണ്ട്.
പെൺകുട്ടികൾക്ക് നേരെയാണ് കൂടുതലായും നായകളുടെ ആക്രമണം ഉണ്ടാകുന്നത്.ഇതും സഹിച്ച് കോളേജിൽ എത്തുമ്പോൾ അവിടെ പൊതുറോഡിൽ ഉള്ളതിനേക്കാളും തെരുവ് നായ്ക്കൾ തമ്പടിച്ചിട്ടുണ്ടാകും.കാമ്പസിനുള്ളിൽ
കൂട്ടമായി എത്തുന്ന നായ്ക്കൾ വിദ്യാർത്ഥികളെ ആക്രമിക്കുവാൻ ശ്രമിക്കുന്നത് നിത്യസംഭവമാണ്.ക്ലാസ് മുറികളിലേക്കുള്ള ഇടനാഴികളെല്ലാം നായ്ക്കളുടെ വിശ്രമ കേന്ദ്രങ്ങളാണ്. വാനരന്മാരുമായി നായ്ക്കൾ അക്രമത്തിൽ ഏർപ്പെടുന്നതും പതിവാണ്.ഇത് സംബന്ധിച്ച് പഞ്ചായത്തിനും മറ്റ് അധികാരികൾക്കും നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.ചൊവ്വാഴ്ച
ക്യാമ്പസിൽ തമ്പടിച്ച തെരുവ് നായക്ക് പേവിഷബാധ സംശയിക്കുന്ന തരത്തിൽ ലക്ഷണങ്ങൾ കാട്ടിയതാണ്
കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്ടെന്നുള്ള ഉപരോധത്തിന് കാരണമായത്.
ഉപരോധത്തെ തുടർന്ന്
പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം നായയെ പിടികൂടി നിരീക്ഷണത്തിനും പരിശോധനക്കുമായി മാറ്റുകയും
ചെയ്തു.നായ്ശല്യത്തിന് അടിയന്തിരപരിഹാരം കാണാമെന്ന് പഞ്ചായത്ത് അധികൃതരും പോലീസും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് റിജോ റെജി കല്ലട അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഐ.ഷാനവാസ്,യൂണിയൻ ചെയർമാൻ ആസിഫ് മുഹമ്മദ്, ജനറൽ സെക്രട്ടറി മുകുന്ദൻ,ഭാരവാഹികളായ പ്രേംരാജ്, ആർ.അനന്തു,മനു,അൻവർഷ ബിജു,അബ്ദുള്ള,നിഥിൻ പതാരം, ആരോമൽ,അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement