കൂട്ടുകാരന്റെ കാർ മറിച്ചുവിറ്റു ; 3.4 ലക്ഷം ദിർഹം കൈമാറാൻ ഉത്തരവ്

അബുദബി : കൂട്ടുകാരന്റെ കാർ വിൽക്കുകയും പണം സ്വന്തമാക്കുകയും ചെയ്ത യുവാവിനോട് 3.4 ലക്ഷം ദിർഹം കൈമാറാൻ കോടതി ഉത്തരവ് . ഉചിതമായ വില നൽകാൻ തയാറുള്ളയാളെ കണ്ടെത്തുന്നതുവരെ വാഹനം കൂട്ടുകാരന് ഉപയോഗിക്കാൻ കൊടുത്തിരിക്കുകയായിരുന്നു ഉടമ .

എന്നാൽ , കാറിന്റെ ഉടമയെ അറിയിക്കാതെ സുഹൃത്ത് ഇത് അബൂദബിയിലെ കാർ ഷോറൂമിൽ വിറ്റു . വാഹനം തന്റേതാണെന്ന് ഷോറൂമുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വിൽപന . വിറ്റുകിട്ടിയ പണം ഇയാളെടുക്കുകയും ചെയ്തു . ഇതോടെ കാറുടമ അബൂദബി കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരമായി 3.4 ലക്ഷം ദിർഹവും 12 ശതമാനം പലിശയും മറ്റു നഷ്ടങ്ങൾക്കായി 30,000 ദിർഹവും പ്രതിയിൽനിന്ന് ഈടാക്കി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .

കൂട്ടുകാരനെ വിശ്വസിച്ചാണ് കാർ ഏൽപിച്ചതെന്നും എന്നാൽ തെറ്റിദ്ധരിപ്പിച്ച് കാർ വിറ്റ ശേഷം കിട്ടിയ പണം തനിക്കുനൽകാതെ സ്വന്തമാക്കിയെന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു . ഇതിനു തെളിവായി കൂട്ടുകാരനുമായി വാട്സ്ആപ്പിൽ നടത്തിയ സംഭാഷണങ്ങളും കോടതിയിൽ സമർപ്പിച്ചു . വാദം കേട്ട കോടതി പ്രതിയോട് പരാതിക്കാരന് 3.4 ലക്ഷം ദിർഹം നൽകാൻ നിർദേശിച്ചു . ഇതിനുപുറമെ പരാതിക്കാരന്റെ കോടതിച്ചെലവും പ്രതി വഹിക്കണമെന്ന് കോടതി വ്യക്തമാക്കി . അതേസമയം , പരാതിക്കാരന്റെ മറ്റാവശ്യങ്ങൾ കോടതി നിരസിച്ചു .

Advertisement