യുഎഇയിൽ കനത്ത പൊടിക്കാറ്റ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പൊടിക്കാറ്റാണ് പുലർച്ചെ മുതൽ അനുഭവപ്പെടുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും പൊടിപടലങ്ങളാൽ നിറഞ്ഞതുകൊണ്ട് പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി. ദൂരക്കാഴ്ച 500 മീറ്ററിലും താഴെയാണ്.

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ വാഹനവുമായി പുറത്തിറങ്ങാവൂ എന്നും വാഹനമോടിക്കുന്നവർ വേഗപരിധിയും വാഹനങ്ങൾക്കിടയിലെ അകലവും കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച കുറവാണെങ്കിൽ വാഹനമോടിക്കരുത്. ലോ ബീം ലൈറ്റിട്ട് വേണം വാഹനമോടിക്കാനെന്നും അധികൃതർ നിർദ്ദേശിച്ചു.

അബുദാബിയിൽ നിലവിൽ 44 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 43 ഡിഗ്രി സെൽഷ്യസുമാണ് താപനില. അബുദാബിയിൽ ഓഗസ്റ്റ് 14 ഞായറാഴ്ച മുതൽ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പിൽ പറയുന്നു. താപനിലയിലും കുറവ് വരും. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി. വാഹനയാത്രികർ വേഗപരിധി പാലിക്കണം. മഴയുള്ളപ്പോൾ വെള്ളക്കെട്ട്, താഴ് വരകൾ, കുളങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഒമാനിലെ ദോഫാർ മേഖലയിലും ശക്തമായ പൊടിക്കാറ്റ് വീശി. ആദം-ഹൈമ-തുംറൈത് റോഡിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദം-തുംറൈത് റോഡിൽ ദൂരക്കാഴ്ച കുറവായതിനാലും വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ദോഫാർ ഗവർണറേറ്റിലൂടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങൾ അമിതവേഗത ഒഴിവാക്കണമെന്നും മതിയായ അകലം പാലിച്ച് വാഹനമോടിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Advertisement