കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവും വിളര്‍ച്ചയും കുറവ്

ന്യൂഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരക്കുറവും വിളര്‍ച്ചയും കുറവാണെന്ന് പഠന റിപ്പോര്‍ട്ട്.

ആരോഗ്യമേഖലയില്‍ ദേശീയ പദ്ധതികള്‍ നടപ്പാക്കുന്നതിലും കേരളം മുന്‍പന്തിയിലാണെന്ന് പഠനം പറയുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയും ജ്യോഗ്രഫിക് ഇന്‍സൈറ്റ്സ് ലാബും ചേര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കിയും ഇന്ത്യയിലെ അഞ്ച് പ്രധാനപ്പെട്ട ദേശീയ പദ്ധതികള്‍ വിശകലനം ചെയ്തുമാണ് പഠനം തയ്യാറാക്കിയത്.

2022 ഓടെ വിളര്‍ച്ച ബാധിതരുടെ നിരക്ക് 32 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘അനീമിയ മുക്ത് ഭാരത്’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കുന്നതിനുള്ള ‘ഇന്ദ്രധനുഷ്’, ‘പോഷണ്‍ അഭിയാന്‍’, ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രധാനമന്ത്രി ‘മാതൃ വന്ദന യോജന’ തുടങ്ങിയ പദ്ധതികള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

രാജ്യത്ത് കുട്ടികളിലും സ്ത്രീകളിലും അനീമിയ വര്‍ദ്ധിച്ചുവരികയാണെന്നും പ്രസവസമയത്ത് സ്ത്രീകളിലെ വിളര്‍ച്ച അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നതിനാല്‍ ഇത് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പല ജില്ലകളിലും സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കേരളം, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ കുട്ടികളിലും സ്ത്രീകളിലും വിളര്‍ച്ച കുറവാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിളര്‍ച്ച. മാത്രമല്ല, ലഡാക്കിലും ജമ്മു കശ്മീരിലും വിളര്‍ച്ച ബാധിതരുടെ എണ്ണം കൂടുതലാണ്.

Advertisement