അബൂദബി: അൽ മദാം പട്ടണത്തിന് പിന്നിൽ മരുഭൂമിയിൽ മണലിൽ ഉപേക്ഷിക്കപ്പെട്ട ഒരു ചെറിയ ഗ്രാമമുണ്ട്.

രണ്ട് നിരകളുള്ള വർണാഭമായ വീടുകളും ഒരു മസ്ജിദും ഉൾപ്പെടുന്ന ഈ പ്രദേശം വളരെക്കാലമായി വിജനമാണ്. മൺകൂനകൾ ഈ പഴയ കെട്ടിടങ്ങളെ പൊതിഞ്ഞിരിക്കുകയാണ്. ചെറിയ വീടുകൾക്ക് മുന്നിൽ ഘടിപ്പിച്ച ഇരുമ്പ് ഗേറ്റുകൾ തുരുമ്പിച്ചിട്ടുണ്ട്. ഉള്ളിൽ സെറാമിക് ടൈലുകളും വാൾപേപ്പറുകളും കൊണ്ട് അലങ്കരിച്ച വർണാഭമായ മുറികളൊക്കെ ഇപ്പോൾ മണൽ കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ചുവരുകൾ പകുതിയോളം മൂടിയ മൺകൂനകളിൽ ഇഴജീവികളുടെ കാൽപാടുകൾ കാണാം. ഷാർജയിലെ മദാമിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം അമ്പരപ്പിക്കുന്നതാണ്.

ദുബൈ നഗരത്തിൽ നിന്ന് വളരെ അകലെയല്ലാതെ കിടക്കുന്ന ഗ്രാമത്തിൽ നിഗൂഢത നിറഞ്ഞുനിൽക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഗ്രാമം ഉപേക്ഷിക്കപ്പെട്ടതെന്ന് ആർക്കും അറിയില്ല. എന്നാൽ അദൃശ്യ ജീവികളായ ജിന്നുകളാണ് ജനങ്ങളെ ഗ്രാമത്തിൽ നിന്ന് ആട്ടിയോടിച്ചത് എന്നാണ് പ്രാദേശിക ഐതിഹ്യം. 1970കളിലോ 80കളിലോ നിർമിച്ചതാണ് ഈ വാസസ്ഥലം. പ്രാദേശിക അൽ കുത്ബി ഗോത്രക്കാർ ഇവിടെ താമസിച്ചിരുന്നു. അധികം താമസിയാതെ അത് ഉപേക്ഷിക്കപ്പെട്ടു. ഗ്രാമത്തെ പഴയ ഗ്രാമം, ജിന്ന് ഗ്രാമം, അൽ മദാമിന്റെ അടക്കം ചെയ്ത ഗ്രാമം എന്നൊക്കെയാണ് പ്രദേശവാസികൾ വിളിക്കുന്നത്.

ഗൂഗിൾ മാപ്പിൽ ഈ പ്രദേശം ‘മദാമിന്റെ പഴയ പ്രദേശം’ എന്ന പേരിൽ കണ്ടെത്താനാകും. ഗ്രാമത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ചില കടകളും കെട്ടിട നിർമാണ സൈറ്റുകളും ഉണ്ട്. 2018-ൽ ഷാർജ ആർട്ട് ഫൗണ്ടേഷൻ ഇവിടെ പൊതു സർവേ നടത്തിയിരുന്നു. അതിൽ പങ്കെടുത്ത പ്രദേശവാസികൾ നിഗൂഢമായ സ്ഥലത്ത് വസിച്ചിരുന്ന അൽ കുത്ബി ഗോത്രക്കാർ ജിന്നുകളുടെ കൂട്ടങ്ങളാൽ സ്ഥലം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വ്യക്തമാക്കിയത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുതിയുടെയും അഭാവം ഇവിടെയുണ്ട്. അതും ഉപേക്ഷിക്കപ്പെട്ടതിന് ഒരു കാരണമായേക്കാം. ഇത്തരം കേന്ദ്രങ്ങളിൽ പര്യവേക്ഷണം നടത്താൻ താത്പര്യമുള്ള നിരവധി പേർ ഇവിടെ എത്താറുണ്ട്.