പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ വിധി ഇന്ന്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷത്തോടടുക്കുമ്പോഴാണ് കേസിൽ വിധി വരുന്നത്.
2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു ദിവസം വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽനിന്നാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Also Read:
കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ ഫെബ്രുവരി അഞ്ചിന് തെളിവെടുപ്പ് നടത്തി. തുടർന്ന് ഫെബ്രുവരി 18ന് ചെന്താമരയുടെ മുൻ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച ജാമ്യത്തിലാണ് ഇയാൾ പുറത്തിറങ്ങിയിരുന്നത്. 2022ൽ ജാമ്യത്തിലിറങ്ങിയശേഷം വ്യവസ്ഥകൾ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
മാർച്ച് മൂന്നിന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25ന് പൊലീസ് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികൾ, മുപ്പതിലധികം രേഖകൾ, ഫൊറൻസിക് പരിശോധനാഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ എന്നിവയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
ഫെബ്രുവരി 23 മുതൽ മെയ് ആറുവരെയായിരുന്നു വിചാരണ. കേസിൽ വിസ്തരിച്ച സാക്ഷികളിൽ നാലുപേർ കൂറുമാറി.




























