25.2 C
Kollam
Wednesday 12th August, 2026 | 06:59:29 AM
Home News Breaking News അയര്‍ലഡിനെതിരായ ആദ്യ ടി20…സഞ്ജുവിന്റെ സ്ഥാനം മൂന്നാം നമ്പറോ….?

അയര്‍ലഡിനെതിരായ ആദ്യ ടി20…സഞ്ജുവിന്റെ സ്ഥാനം മൂന്നാം നമ്പറോ….?

ട്വന്റി-20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് ശേഷമുള്ള ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് യുഗത്തിന് ഇന്ന് അയര്‍ലന്‍ഡില്‍ തുടക്കമാകും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി20 പോരാട്ടത്തിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് സ്റ്റോര്‍മോണ്ട് സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ്ബാണ് വേദിയാകുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 6 മണിക്കാണ് മത്സരം ആരംഭിക്കുക. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന് കീഴില്‍ അണിനിരക്കുന്ന യുവനിരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുന്നത് കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ഇന്ത്യയുടെ മൂന്നാം ട്വന്റി-20 ലോകകപ്പ് വിജയത്തില്‍ ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ ആയി തിളങ്ങിയ സഞ്ജു സാംസണ്‍ മൂന്നാം നമ്പരില്‍ ബാറ്റിങ്ങിന് ഇറങ്ങുമെന്നാണ് സൂചനകള്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്‍ ടീമിലുണ്ടെങ്കിലും, ലോകകപ്പിലെ അവിസ്മരണീയ പ്രകടനം സഞ്ജുവിന് ആദ്യ ഇലവനില്‍ മുന്‍ഗണന നല്‍കുന്നു. മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റുകള്‍ സ്വന്തമാക്കിയ അയര്‍ലന്‍ഡിലെ മലയാളി സമൂഹം ഗാലറിയില്‍ സഞ്ജുവിനായി വലിയ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്.
ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം വലിയ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം അയര്‍ലന്‍ഡില്‍ എത്തിയിരിക്കുന്നത്. മോശം ബാറ്റിങ് ഫോമിനെ തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് ഒഴിവാക്കി. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യറാണ് പുതിയ ക്യാപ്റ്റന്‍. അടുത്തിടെ ഇന്ത്യ ‘എ’ ടീമിനെ ശ്രീലങ്കയില്‍ വിജയത്തിലേക്ക് നയിച്ച തിലക് വര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് നാലാമതായും തിലക് അഞ്ചാമതായും ക്രീസിലെത്താനാണ് സാധ്യത. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം സൂര്യന്‍ഷ് ഷെഡ്‌ഗെ ടീമില്‍ ഇടംനേടിയിട്ടുണ്ട്. പരിക്ക് മാറാത്തതിനാല്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമിലില്ല. രവി ബിഷ്ണോയിയായിരിക്കും പ്രധാന സ്പിന്നര്‍. പരിക്കില്‍ നിന്ന് മോചിതനായ ഹര്‍ഷിത് റാണ എട്ടാം നമ്പരില്‍ ഓള്‍റൗണ്ടറായി കളിച്ചേക്കും. കഴിഞ്ഞ ആഴ്ച ഏകദിന അരങ്ങേറ്റം കുറിച്ച പ്രിന്‍സ് യാദവിനും ആദ്യ ഇലവനില്‍ സാധ്യതയുണ്ട്.