26.1 C
Kollam
Sunday 11th October, 2026 | 04:15:39 AM
Home News Breaking News ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. പൊലീസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം അടക്കം എസ്‌ഐടി ചോദിച്ചറിയുന്നുണ്ട്. ശബരിമലയില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം വാങ്ങിയവരും വിറ്റവരും തമ്മിലുള്ള ബന്ധം, അടൂര്‍ പ്രകാശ് പല സ്ഥലങ്ങളില്‍ ഇവരുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യം, പാരിതോഷികങ്ങള്‍ കൈപ്പറ്റിയ സാഹചര്യം അടക്കം എസ്‌ഐടി വിശദമായി ചോദിക്കുന്നതായാണ് വിവരം.

ഇന്ന് രാവിലെ പത്തരയോടെയാണ് അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്.