കൊട്ടാരക്കര: ഓഡിറ്റോറിയം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉടമകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകാൻ കൊല്ലം ജില്ലാ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. കൊട്ടാരക്കര സൗപർണ്ണിക ഓഡിറ്റോറിയത്തിൽ നടന്ന അസോസിയേഷന്റെ അഞ്ചാമത് ജില്ലാ സമ്മേളനത്തിലാണ് തീരുമാനം.മുൻ ധനകാര്യ മന്ത്രിയും കൊട്ടാരക്കര എം.എൽ.എയുമായ കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് വൈ. തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. വിജയൻ പിള്ള സ്വാഗതം ആശംസിച്ചു. തുടർന്ന് സമദ് ലാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഓഡിറ്റോറിയം മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂർ, കൊട്ടാരക്കര നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ, മുൻ എം.എൽ.എ അഡ്വ. അയിഷാ പോറ്റി, മുൻ എം.പി പി. രാജേന്ദ്രൻ, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണ പിള്ള, കൗൺസിലർ മിനി എൻ., തിരുവനന്തപുരം ഓഡിറ്റോറിയം അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശ, അസോസിയേഷൻ ലീഗൽ അഡ്വൈസർ അഡ്വ. വി. രഞ്ജിത് കുമാർ, വൈസ് പ്രസിഡന്റുമാരായ ആർ. സോമനാഥൻ പിള്ള, അശോക് ബി. വിക്രമൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സമ്മേളനത്തിൽ 31 അംഗ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ആർ. സോമനാഥൻ പിള്ള (പ്രസിഡന്റ്), എ. സമദ് ലാൽ (സെക്രട്ടറി), എം. അബൂബക്കർ (ട്രഷറർ) എന്നിവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു. നിയുക്ത ട്രഷറർ എം. അബൂബക്കർ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.





























