നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ആണ് സ്കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും അതുമൂലം നടുവിന്‍റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു.
‘‘നട്ടെല്ല് നിവർത്തി നിൽക്കുക’’- ആത്മവിശ്വാസമുള്ളയാളെ അടയാളപ്പെടുത്താൻ മലയാളി പൊതുവായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്.
ഒരുവശം ചെരിഞ്ഞ് നടക്കുന്നവർ, കൂനുള്ളവർ, ഇരിക്കുമ്പോൾ പോലും നിവർന്ന് ഇരിക്കാൻ കഴിയാത്തവർ… ഇങ്ങനെ വ്യത്യസ്ഥ തരത്തിൽ പ്രയാസങ്ങളനുഭവിക്കുന്ന ഒരുപാട് ആളുകളെ നമുക്ക് ചുറ്റും കാണാം. ഇത് ആത്മവിശ്വാസക്കുറവ് മൂലമുണ്ടായ ശേഷിക്കുറവല്ല. മറിച്ച്, സ്കോളിയോസിസ് എന്ന രോഗത്താൽ അവരുടെ ശരീരഘടനയിലുണ്ടായ മാറ്റം വരുത്തിത്തീർത്ത ആത്മവിശ്വാസമില്ലായ്മയാണ്. കൃത്യമായ രോഗനിർണയത്തിലൂടെയും ചികിത്സയിലൂടെയും മറികടക്കാനാകുന്ന ഈ പ്രയാസത്തെക്കുറിച്ച് ചിന്തിച്ച് ജീവിതമാകെ ആകുലത നിറക്കേണ്ടതില്ലെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്.
മലയാളികൾക്ക് പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയാഘാതം തുടങ്ങിയ മിക്കവാറും അസുഖങ്ങളെക്കുറിച്ചൊക്കെ അവബോധമുണ്ടെങ്കിലും സ്കോളിയോസിസ് പോലെ അത്ര സാധാരണമല്ലാത്ത കാര്യങ്ങളിലെ അറിവ് തുലോം കുറവാണ്. അതിനാലാണ് ജൂൺ സ്കോളിയോസിസ് ബോധവത്ക്കരണ മാസമായി ആചരിക്കുന്നത്. ജൂൺ മാസത്തിലെ അവസാന ശനിയാഴ്ച അന്താരാഷ്ട്ര സ്കോളിയോസിസ് ബോധവൽക്കരണ ദിനമായും ആചരിക്കുന്നു.
എന്താണ് സ്കോളിയോസിസ് ? (Scoliosis)
നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ആണ് സ്കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകൾ പുറത്തേക്ക് തള്ളിവരുകയും അതുമൂലം നടുവിൻറെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനിൽക്കുകയും ചെയ്യുന്നു. നട്ടെല്ലിൻറെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതൽ തള്ളിവരും. കുട്ടികളുടെ ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിൻറെ വളവ് കൂടിവരുകയും കുനിയുമ്പോൾ നട്ടെല്ലിൻറെ ഉന്തിയ ഭാഗം കൂടുതൽ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോൾവശം പൊങ്ങിനിൽക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനിൽക്കാം.
കാരണങ്ങൾ
പല കാരണങ്ങളാൽ സ്കോളിയോസിസ് ഉണ്ടാകാം. ജന്മനാ കാണുന്ന തരം കൺജിനെൻറൽ സ്കോളിയോസിസ്. കുട്ടി ജനിക്കുമ്പോൾ തന്നെ നട്ടെല്ലിലെ കശേരുക്കൾക്ക് വ്യതിയാനം സംഭവിച്ചിരിക്കുന്നതിനാൽ ഇത് നേരത്തെ കണ്ടുപിടിക്കപ്പെടാറുണ്ട്. കേരളത്തിൽ ഇത്തരം സ്കോളിയോസിസ് താരതമ്യേന കുറവാണ് കണ്ടുവരുന്നത്. ജന്മനാ കശേരുക്കൾക്ക് വൈകല്യമില്ലാതെയുണ്ടാകുന്ന സ്കോളിയോസിസ് ഇഡിയോപതിക് സ്കോളിയോസിസ് എന്നറിയപ്പെടുന്നു. ഇതിനുകാരണം ഇപ്പോഴും വ്യക്തമല്ല.
പ്രായമനുസരിച്ച് സ്കോളിയോസിസ് മൂന്ന് തരമുണ്ട്.
നാലുവയസിൽ താഴെയുള്ള കുട്ടികളിലെ സ്കോളിയോസിസ് ഇൻഫൻറൈൽ സ്കോളിയോസിസ് എന്നു പറയുന്നു. നാലിനും പത്തിനുമിടയിൽ കാണുന്ന സ്കോളിയോസിസ് ജുവനൈൽ സ്കോളിയോസിസ്, 10 വയസ്സിനു മുകളിലുള്ള സ്കോളിയോസിസ് അഡോൾസെൻറ് ഇഡിയോപതിക് സ്കോളിയോസിസ് അഥവാ കൗമാരപ്രായത്തിലെ സ്കോളിയോസിസ് എന്നറിയപ്പെടുന്നു. പ്രായപൂർത്തിയായ ആളുകളിൽ കണ്ടുവരുന്ന സ്കോളിയോസിസ് അഡൽറ്റ് സ്കോളിയോസിസ് എന്നാണ് അറിയപ്പെടുന്നത്.
ലക്ഷണങ്ങൾ
കൗമാരപ്രായത്തിലുള്ള സ്കോളിയോസിസാണ് സാധാരണയായി കണ്ടുവരുന്നത്. പെൺകുട്ടികളിലാണ് കൂടുതലായും കാണുന്നത്. പൊതുവെ ഇത്തരം പെൺകുട്ടികൾ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികൾ കൗമാര ദശയിലേക്ക് പ്രവേശിക്കുന്ന വർഷങ്ങളിൽ ഉയരം വർധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു.
പെൺകുട്ടികളിൽ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വർഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്. സ്കോളിയോസിസിൻറെ പ്രാരംഭ ദശയിൽ പലപ്പോഴും മാതാപിതാക്കൾക്ക് കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാൻ സാധിക്കാറില്ല. പലപ്പോഴും അധ്യാപകരോ സുഹൃത്തുക്കളോ ആയിരിക്കാം. ഇത്തരം മാറ്റം ആദ്യമായി ശ്രദ്ധിക്കുന്നത്. ചിലകുട്ടികളിൽ ശരീരത്തിലുണ്ടാകുന്ന അഭംഗി മറയ്ക്കാനായി അധികം ശരീരത്തോട് ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുമില്ല. അങ്ങനെ വളവിൻറെ തോത് കൂടുന്നത് ഒരുപക്ഷെ മാതാപിതാക്കൾക്കും മനസിലാകാറില്ല. അഡൽറ്റ് സ്കോളിയോസിസ് പ്രായം കൂടുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. നടുവേദന, കാലുവേദന, കാലുകളിലെ തരിപ്പ്, കഴപ്പ് എന്നിവയും ചിലരിൽ കണ്ടുവരാറുണ്ട്.
സംശയങ്ങൾ നിരവധി, തെറ്റിദ്ധാരണകളും
അമിതഭാരമുള്ള സ്കൂൾബാഗ് ഇട്ടാൽ നട്ടെല്ല് വളയും എന്ന പ്രചാരണമുണ്ടെങ്കിലും അത് തെറ്റായ ധാരണയാണ്. ഇതിലൂടെ നടുവിന് വേദനയും മറ്റ് പ്രശ്നങ്ങളും വരുമെങ്കിലും സ്കോളിയോസിസ് വരാറില്ല. സ്കോളിയോസിസിനുള്ള ഓപ്പറേഷൻ കഴിഞ്ഞാൽ ഭാവി ജീവിതത്തെ ബാധിക്കുമോയെന്ന സംശയവും പലർക്കുമുണ്ട്.
മറ്റേതൊരു അസുഖവും പോലെ കൃത്യസമയത്ത് ചികിത്സിച്ചാൽ പൂർണമായ പരിഹാരം ലഭിക്കുന്നത് ഒരസുഖമാണ് സ്കോളിയോസിസ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും മാസത്തെ വിശ്രമത്തിനും ശേഷം കുട്ടികൾക്ക് കലാ-കായിക പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. പെൺകുട്ടികളുടെ വിവാഹത്തെയും അതിനുശേഷമുള്ള ഗർഭധാരണത്തിനും പ്രസവത്തിനും യാതൊരു തരത്തിലും ബാധിക്കില്ല.
അസ്ഥി വളർച്ച പൂർത്തിയായതിന് ശേഷമാണ് ശസ്ത്രക്രിയ വേണ്ടതെന്ന തെറ്റിദ്ധാരണയും സമൂഹത്തിൽ വ്യാപകമായുണ്ട്. ഇത് ചികിത്സ വൈകാനും അതിലൂടെ ചികിത്സയിലെ സങ്കീർണത വർധിക്കാനുമാണ് ഇടവരുത്തുകയെന്ന് മനസിലാക്കണം. 10 വയസിൽ തന്നെ 60- 70 ഡിഗ്രി വളവുള്ള കുട്ടിയെ അസ്ഥിവളർച്ച തീരുന്ന 18- -20 വയസ്സ് വരെ കാത്തിരിക്കാൻ പറയുന്നത് തികഞ്ഞ മൗഢ്യമാണ്. ആ സമയമാകുമ്പോഴേക്കും വളവ് 90–100 ഡിഗ്രി കഴിഞ്ഞ് വളരെ കോംപ്ലിക്കേറ്റഡ് അവസ്ഥയിൽ എത്തിയിരിക്കും.
ഇത്തരം രോഗാവസ്ഥയിൽ അതിൻറെ തന്നെ വിദഗ്ധ ചികിത്സയിൽ നിപുണരായ സ്പൈൻ സർജന്മാരെ കാണിച്ച് ഉപദേശം തേടുന്നതാണ് ഏറ്റവും അഭികാമ്യം. ചികിത്സ നൽകുന്നതിനുള്ള കാലതാമസം കുട്ടിയുടെ ശ്വാസകോശത്തിൻറെ പ്രവർത്തനത്തെ തന്നെ ബാധിച്ചേക്കാം.
എക്സ്റേയിൽ വളവിൻറെ വിശദാംശങ്ങൾ അറിയുവാൻ സാധിക്കും. ചെറിയ വളവുകൾക്ക് നട്ടെല്ലിനുള്ള ബെൽറ്റുകൾ (സ്പൈനൽ ബ്രേസ്) ഡോക്റ്റിൻറെ നിർദ്ദേശാനുസരണം ഉപയോഗിക്കേണ്ടിവരും. വളവ് നിയന്ത്രണത്തിലാവുന്നുണ്ടെങ്കിൽ അസ്ഥിവളർച്ച പൂർണമാകുന്നതുവരെ ഇത്തരം ബെൽറ്റുകൾ ഉപയോഗിക്കേണ്ടിവരും. സ്കോളിയോസിസ് 50 ഡിഗ്രിയിൽ കൂടുതലാകുമ്പോൾ സർജറിയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി.
സ്കോളിയോസിസ് സർജറി വിദഗ്ദ പരിശീലനം നേടിയ സ്പൈൻ സർജൻമാരാണ് ചെയ്യേണ്ടത്. ഓപ്പറേഷൻ ചെയ്യുമ്പോൾ കാലുകളിലേക്കു പോകുന്ന സുഷുമ്നാനാഡിയിലെ ഞരമ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന നൂതന സാങ്കേതിക വിദ്യായായ ന്യൂറോമോണിറ്ററിങ് ഇപ്പോൾ ലഭ്യമാണ്.





























