തിരുവനന്തപുരം: ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതിയില്ല. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഓണപരീക്ഷ, ഓണാവധി അടക്കം വിശദ വിവരങ്ങൾ; എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കി
സ്ഥലം മാറ്റം ഒരു മാനദണ്ഡവും പാലിക്കാതെയാണെന്ന് വി ജോയ് ആരോപിച്ചു. വേണ്ടപ്പെട്ടവർക്ക് അവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നല്‍കി. 33 വകുപ്പുകളിലായി 207 ഉത്തരവ് ഇറങ്ങി. 310 വനിതകൾക്ക് അടക്കം ദൂരസ്ഥലങ്ങളിലേക്ക് മാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതി കൊടുത്താൽ സ്ഥലംമാറ്റം നടക്കുന്ന കാലം മുൻപില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മെയ് മാസം വിരമിക്കൽ കാലമാണെന്ന് മന്ത്രി പറഞ്ഞു. പല തസ്തികകളും അതിനനുസരിച്ച് മാറും. ഒരു തസ്തികിൽ ആള് മാറുമ്പോൾ 14 ഇടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. 2016-ൽ അനധികൃത സ്ഥലംമാറ്റം സഭയിൽ ഉന്നയിച്ച പി.ടി. തോമസിന് നൽകിയ മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ നിർത്തി ചർച്ച വേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല.
എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥലം മാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. സർക്കാർ അധികാരത്തിൽ വരും മുമ്പ് തന്നെ സ്ഥലംമാറ്റം തുടങ്ങി. പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്നു. മാനദണ്ഡം മറികടന്ന സ്ഥലംമാറ്റങ്ങൾ റദ്ദാക്കി ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.



































