കൊച്ചി: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വൈഷ്ണവി സായികുമാർ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലെ കനകദുർഗ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വൈഷ്ണവി സ്‌ക്രീനിൽ നിറയുന്നത്.

നടൻ സായി കുമാറിന്റെ മകളാണ് വൈഷ്ണവി. സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നകുമാരിയിൽ ജനിച്ച മകളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. അച്ഛന്റെയും മുത്തച്ഛന്റെയും പാരമ്പര്യം പിന്തുടർന്ന് അഭിനയരംഗത്തെത്തുകയായിരുന്നു താരം.

സോഷ്യൽ മീഡിയയിൽ സജീവമായ വൈഷ്ണവി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. തന്റെ അച്ഛന്റെയും അമ്മയുടെയും ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് വൈഷ്ണവി.

സായി അച്ഛനും പ്രസന്നാമ്മയും എന്ന് പറഞ്ഞുകൊണ്ടാണ് ഇവർ ഒരുമിച്ച് നിൽക്കുന്ന ഒരു പഴയചിത്രം വൈഷ്ണവി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിച്ചോ എന്നായിരുന്നു കമന്റുകളിലൊന്ന്. വൈഷ്ണവി അതിന് മറുപടിയും കൊടുക്കുന്നു. എന്റെ മനസ്സിൽ അവർ ഇപ്പോഴും ഒന്നിച്ച് തന്നെയാണ് എന്നായിരുന്നു മറുപടി.

1988-ലായിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ സായി കുമാർ വിവാഹം ചെയ്തത്. ഈ ദാമ്പത്യബന്ധത്തിലെ മകളാണ് വൈഷ്ണവി സായി കുമാർ. 2008-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് സായി കുമാർ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെയും രണ്ടാം വിവാഹമായിരുന്നു. ഇപ്പോൾ ബിന്ദുവിനും മകൾ കല്യാണിയ്ക്കുമൊപ്പമാണ് സായി കുമാർ താമസിക്കുന്നത്.

സായി കുമാറുമായുള്ള വിവാഹമോചനക്കേസ് നടക്കുന്നതിനിടെ പ്രസന്നകുമാരി നടി ബിന്ദു പണിക്കർക്കെതിരെ രംഗത്തെത്തിയിരുന്നു. ബിന്ദു പണിക്കർ തന്റെ ജീവിതം തകർത്തു എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണത്തെ ബിന്ദുവും സായി കുമാറും അന്ന് നിഷേധിച്ചിരുന്നു.

മാത്രമല്ല ആദ്യ ഭാര്യയും വീട്ടുകാരും ചേർന്ന് താൻ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം തട്ടിയെടുത്തെന്നും വയസ്സ് കുറച്ച് പറഞ്ഞാണ് വിവാഹം കഴിച്ച് നൽകിയതെന്നും സായി കുമാർ ആരോപിച്ചിരുന്നു. ഭാര്യയുടെ അത്യാഗ്രഹവും ബഹുമാനക്കുറവും തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും സായി കുമാർ പറഞ്ഞു. വിവാഹമോചനത്തിന് പിന്നിലെ കാരണം ബിന്ദു പണിക്കർ അല്ലെന്നും സായികുമാർ വ്യക്തമാക്കിയിരുന്നു.

അച്ഛന്റെ മകൾ എന്ന് പറയുന്നതിൽ തനിക്ക് എന്നും അഭിമാനമേയുള്ളൂവെന്ന് വൈഷ്ണവി മുൻപ് പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിലേ തനിക്ക് അഭിനയത്തേക്കാൾ ഡബ്ബിങ് വലിയ ഇഷ്ടമായിരുന്നുവെന്നും എന്നാൽ അതേക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ പഠിക്കൂ എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടിയെന്നും നടി മുൻപ് പറഞ്ഞിരുന്നു.