കലഹം, പിണക്കം; കണ്ണൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

കണ്ണൂർ: പെരിങ്ങോം കാങ്കോലിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. കണ്ണൂർ ചെക്കികുളത്തെ വി.കെ. പ്രസന്നയാണു (35) കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി (40) പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. ഇരുവരും കുറച്ചുകാലമായി പിണങ്ങി മാറിത്താമസിക്കുകയായിരുന്നു. മൂന്നു മക്കളുമൊത്തു കണ്ണൂരിലെ വീട്ടിലായിരുന്നു പ്രസന്ന. ഉച്ചയോടെ പ്രസന്ന കാങ്കോലിലെ വീട്ടിൽ എത്തി. വീട്ടിൽ ഷാജി മാത്രമാണു താമസിച്ചിരുന്നത്.

ഇരുവരും തമ്മിൽ കലഹമുണ്ടാവുകയും ഇതിനിടെ ഷാജി പ്രസന്നയെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. പിന്നാലെ ഷാജി പയ്യന്നൂർ സ്‌റ്റേഷനിൽ കീഴടങ്ങി. ഷാജി വീട്ടിൽനിന്നു പോയിട്ടും പ്രസന്നയെ പുറത്തു കാണാത്തതിനാൽ അയൽവാസികൾ ചെന്നു നോക്കിയപ്പോഴാണു മരിച്ചു കിടക്കുന്നതു കണ്ടത്. പയ്യന്നൂർ ഡിവൈഎസ്‌പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയയ്‌ക്കും. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Advertisement