കുഞ്ഞുങ്ങൾക്കൊപ്പം ദീപാവലി ആഘോഷമാക്കി നയനും വിക്കിയും

അമ്മയായ ശേഷമുള്ള ആദ്യ ദീപാവലി കളറാക്കി നയൻതാരയും വിഘ്നേഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ കൈകളിലേന്തി ഇരുവരും ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നു.

‘‘എല്ലാവർക്കും ദീപാവലി ആശംസകൾ. പ്രാർഥിക്കുക, കഠിനമായി സ്നേഹിക്കുക! സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടത്… സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തിൽ വിശ്വസിക്കുക. പ്രപഞ്ചം എല്ലായ്പ്പോഴും എല്ലാം മനോഹരമാണെന്ന് ഉറപ്പാക്കുന്നു.’’–വിഡിയോയ്ക്ക് ഒപ്പം വിഘ്നേഷ് ശിവൻ കുറിച്ചു.

ഒക്ടോബർ ഒൻപതിനാണ് തങ്ങൾ മാതാപിതാക്കളായ വിവരം നയൻതാരയും വിഘ്നേഷും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തി. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ താരങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നതായിരുന്നു അന്വേഷിച്ചത്. ഇതിനിടയിൽ തങ്ങൾ ആറ് വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തതായി നയൻതാര വെളിപ്പെടുത്തി.

കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനുള്ള നടപടികൾ ആരംഭിച്ചതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ താര ദമ്പതികൾ വെളിപ്പെടുത്തിയിരുന്നു. വിവാഹ റജിസ്റ്റർ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചു. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമങ്ങൾ പറയുന്നത്. ഇത് താര ദമ്പതികൾ ലംഘിച്ചോ എന്ന വിവാദമാണ് ഉയർന്നിരുന്നത്. ജൂൺ ഒൻപതിന് ആയിരുന്നു വിഘ്നേഷ് ശിവൻ നയൻതാര എന്നിവരുടെ വിവാഹം. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതരായത്.

Advertisement