പേടിപ്പിച്ചും ചിരിപ്പിച്ചും കത്രീന കൈഫിന്റെ ‘ഫോൺ ഭൂത്’

കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രമാണ് ‘ഫോൺ ഭൂത്’. ഇഷാൻ ഖട്ടർ, സിദ്ദാർത് ചതുർവേദി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുർമീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ഫോൺ ഭൂതി’ന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം എന്ന സൂചനയാണ് ‘ഫോൺ ഭൂതി’ന്റെ ട്രെയിലർ നൽകുന്നത്. രവി ശങ്കരൻ, ജസ്വിന്ദർ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ശിവം ഗൗർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

‘മേരി ക്രിസ്‍മസ്’ എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില് നായകനായി അഭിനയിക്കുന്നത്. സഞ്‍ജയ് കപൂർ, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാർ, കവിൻ ജയ് ബാബു, ഷൺമുഖരാജൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇഷാൻ ഖട്ടർ നായകനാകുന്ന പുതിയ സിനിമ ‘പിപ്പ’ ആണ്. രാജ് കൃഷ്‍ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിഗേഡിയർ ബൽറാം സിംഗ് മേഫ്‍തെ 1971 ഇന്ത്യാ – പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയുള്ള സിനിമയാണ് ‘പിപ്പ’. മൃണാൾ താക്കൂർ നായികയാകുന്ന ചിത്രം 2022 ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്യുക. ‘ഫോൺ ഭൂതി’ൽ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നന്ന സിദ്ധാർഥ് ചതുർവേദിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ‘ഗെഹരായിയാം’ ചർച്ചയായിരുന്നു. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിദ്ദാർഥ് ചതുർവേദിക്കൊപ്പം ദീപിക പദുക്കോൺ ആയിരുന്നു കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത്.

Advertisement