പൊതുവേദിയിൽ വിതുമ്പി കരഞ്ഞ് സാമന്ത

Advertisement

തെലുങ്കു ചിത്രം ശാകുന്തളത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ വികാരാധീനയായി നടി സാമന്ത. ചിത്രത്തിന്റെ സംവിധായകൻ ഗുണശേഷർ ഷൂട്ടിങ് ഓർമകൾ പങ്കുവയ്ക്കുന്നതിനിടെയാണ് സാമന്ത വിതുമ്പി കരഞ്ഞത്. സമീപകാലത്ത് ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിടുമ്പോഴും സിനിമയോടുള്ള ഇഷ്ടത്തിന് യാതൊരു കുറവുമില്ലെന്ന് സാമന്ത പറഞ്ഞു.

വിവാഹമോചനത്തിനുശേഷം മയോസൈറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നിൽക്കാനുമുള്ള പ്രയാസം, തല ഉയർത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ കുറച്ച് കാലങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സാമന്ത പൊതുവേദിയിലെത്തിയത്. ഇതുകൊണ്ടായിരിക്കാം നടി വൈകാരികമായി പെരുമാറിയതെന്ന് ആരാധകർ കുറിക്കുന്നു.

”ഞാൻ ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്നേഹമാണ്. അത്രമാത്രം ഞാൻ സിനിമയെ സ്നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യൻ സാഹിത്യ ചരിത്രത്തിൽ, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖർ സാർ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്”- സാമന്ത പറഞ്ഞു.

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ശാകുന്തളം ഒരുക്കിയത്. ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ എത്തും. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനാണ് നിർമ്മാതാക്കൾ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

Advertisement