പന്നിയുംപോത്തുമൊക്കെ കഴിക്കുന്ന പാലാ അച്ചായന്‍ ഇത്ര സിക്സ് പാക്ക് ആയി ഇരിക്കാന്‍പാടില്ല എന്നാടാ ഇത്, കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ ചോദിക്കുന്നു

കോട്ടയം: പിറവിക്കുമുമ്പേ ഏറെ വിവാദങ്ങളില്‍ വട്ടംചുറ്റിയ ചിത്രമാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ കടുവ. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ സമീപിച്ചിരുന്നു.നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തീയേറ്ററിലെത്തിയ സിനിമ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കണ്ടിരിക്കുകയാണ്.

കടുവാക്കുന്നേല്‍കുറുവച്ചന്‍ എന്നപേരില്‍ ഒരു ചിത്രം അനൗണ്‍ചെയ്തപ്പോള്‍ തന്നെ യഥാര്‍ഥ കുറുവച്ചനായ ജോസ് അഭിപ്രായവ്യത്യാസം പറഞ്ഞിരുന്നു. തന്റെ അന്നത്തെ രീതികളോടും ശരീരഭാഷയോടും പൊരുത്തപ്പെടുന്ന സുരേഷ് ഗോപി ചിത്രം ചെയ്യണമെന്നായിരുന്നു ജോസിന്റെ ആഗ്രഹം. സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്ന് കടുവ കണ്ട ശേഷവും ജോസ് കുരുവിനാക്കുന്നേല്‍ തുറന്നു പറഞ്ഞു..തന്റെ ജീവിതത്തില്‍ നിന്നെടുത്ത സിനിമയാണ് കടുവയെന്നും അപ്പോള്‍ താനുമായി അല്‍പ്പമെങ്കിലും രൂപസാദൃശ്യമുള്ള ആളായിരുന്നെങ്കില്‍ നന്നായേനെ എന്നും അദ്ദേഹം പ്രതികരിച്ചു.

കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാല്‍ പാലാ അച്ചായന്‍ ആകില്ലെന്നും സിനിമയില്‍ പറയുന്നത് പാലാ ഭാഷയല്ലെന്നും അദ്ദേഹം പറയുന്നു. എന്നതാടാ എന്ന് പാലായിലാരും ചോദിക്കില്ല. എന്നാടാ എന്നാണ് ചോദിക്കുന്നത്. പാലാ അച്ചായന്‍ എന്ന് പറയുമ്‌ബോള്‍ അല്‍പ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായി കഴിക്കുന്ന ഒരു പാലാ അച്ചായന്‍ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്സ്പാക്കായി ഇരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഷാജി കൈലാസും താനുമായി ഒന്നിരുന്ന് ആലോചിച്ച് ഇതിലും എത്രയോ ഭംഗിയായി ഈ ചിത്രം എടുക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയില്‍ അനാവശ്യക്കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നും താനൊരിക്കലും അമ്മയുടെ പ്രായമുള്ള സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സിനിമയാകുമ്‌ബോള്‍ ഭാവനയുണ്ടാകാം. പക്ഷേ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നത് പോലെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ജോസ് വ്യക്തമാക്കി.

Advertisement