തിരുവനന്തപുരം: ജവാന്‍ റം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ കമ്പനി വാങ്ങിയ സ്പിരിറ്റ് ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റു. ടാങ്കര്‍ ലോറികളില്‍ കൊണ്ട് വരവേ 20,000 ലിറ്റര്‍ സ്പിരിറ്റ് വിറ്റത് മധ്യപ്രദേശില്‍. 2023-2024 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന റവന്യു സംബന്ധിച്ച കംപ്ലയന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിലെയാണ് വിവരങ്ങള്‍. ചൊവ്വാഴ്ച്ച നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ആരെയും അമ്പരപ്പിക്കുന്ന മോഷണ വിവരമുള്ളത്.
തിരുവല്ലയിലെ സര്‍ക്കാര്‍ കമ്പനിയായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ റം ഉത്പാദിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്‍ വില്‍ക്കുന്നതില്‍ ഏറ്റവും ചെലവുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ് താരതമ്യേന വിലക്കുറവുള്ള ജവാന്‍ റം.
2021 ജൂണ്‍ 30 നാണ് മോഷണം കണ്ടുപിടിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പതിവ് പരിശോധനക്കിടെ തിരുവല്ലയിലെ കമ്പനിയിലേക്ക് സ്പിരിറ്റുമായി വന്ന രണ്ടു ടാങ്കര്‍ ലോറികള്‍ തടഞ്ഞു. രണ്ടു ലോറികളിലും 40,000 ലിറ്റര്‍ വീതം സ്പിരിറ്റ് ഉണ്ടെന്നായിരുന്നു കണക്കുകള്‍. എന്നാല്‍ പരിശോധനയില്‍ വലിയ കുറവാണ് കണ്ടെത്തിയത്. ഒരു ലോറിയില്‍ 12,687 ലിറ്ററിന്റെയും അടുത്തതില്‍ 7,699 ലിറ്ററിന്റെയും കുറവാണ് കണ്ടെത്തിയത്. ആകെ കുറവ് വന്നത് 20,836 ലിറ്റര്‍.
ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍മാര്‍ കുറ്റസമ്മതം നടത്തി. സ്പിരിറ്റ് മധ്യപ്രദേശില്‍ ആര്‍ക്കോ മറിച്ചുവിറ്റു. കമ്പനിയിലെ ചില ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മോഷണമാണിതെന്ന് അവര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളന്മാരോട് അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തത്. അളവില്‍ ഇല്ലാത്ത സ്പിരിറ്റ് ലിറ്ററൊന്നിന് 20 രൂപ പിഴ ഈടാക്കി വാഹനങ്ങള്‍ പുറപ്പെടാന്‍ അനുവദിച്ചു. ആകെ ഈടാക്കിയ പിഴ 6,76,072 രൂപ.
ഈ സംഭവത്തെ തുടര്‍ന്ന് തിരുവല്ലയിലെ ഡിസ്റ്റിലറിയില്‍ എക്‌സൈസ് വകുപ്പ് പരിശോധന നടത്തി. അവിടെ സൂക്ഷിച്ച സ്പിരിറ്റിന്റെ അളവിലും കണക്കിലും വന്‍ പൊരുത്തക്കേട് കണ്ടെത്തി. 7 സെപ്റ്റംബര്‍ 2021 ല്‍ നടത്തിയ പരിശോധനയില്‍ 4.60 ലക്ഷം ലിറ്റര്‍ സ്പിരിറ്റിന്റെ (7.72 ലക്ഷം പ്രൂഫ് ലിറ്റര്‍) കുറവാണ് കണ്ടെത്തിയത്. ലിറ്ററൊന്നിന് 20 രൂപ വച്ച് പിഴയായി 1.54 കോടി രൂപ പിഴക്ക് നോട്ടീസ് നല്‍കി. എന്നാല്‍ സ്റ്റോറേജ് വേസ്റ്റേജ് അലവന്‍സ് കണക്കാക്കണമെന്നുള്ള കമ്പനിയുടെ അപേക്ഷയെത്തുടര്‍ന്ന് കുറവ് സ്പിരിറ്റ് 1.48 ലക്ഷം ലിറ്റര്‍ (2.43 ലക്ഷം പ്രൂഫ് ലിറ്റര്‍) ആയി നിജപ്പെടുത്തി പിഴത്തുക 48.70 ലക്ഷം രൂപയായി കുറച്ചു.
സ്പിരിറ്റ് മോഷണത്തില്‍ സര്‍ക്കാരിനുണ്ടായ വരുമാന നഷ്ടം 2.20 കോടി രൂപയാണെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. സ്റ്റോക് വെരിഫികേഷനില്‍ കണ്ട കുറവിനത്തില്‍ സര്‍ക്കാരിന് നഷ്ടം 51.88 കോടി രൂപയാണ്. സര്‍ക്കാരിനുണ്ടായ നഷ്ടം നികത്താന്‍ യാതൊരു നടപടിയും എടുത്തില്ല. മോഷണത്തിന് പോലീസ് എഫ്.ഐ.ആര്‍ ഇട്ടെങ്കിലും കമ്പനി കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ല. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ ഒരു നടപടിയും എടുത്തില്ല എന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.






























