ആമസോണിനെ കടത്തിവെട്ടാൻ ‘ടാറ്റ ന്യൂ’, സൂപ്പർ ആപ്പിനെക്കുറിച്ച്‌ കൂടുതൽ അറിയാം

ന്യൂഡൽഹി: ഐപിഎൽ മൽസരങ്ങൾക്കിടെ ടാറ്റയുടെ പുതിയ ആപ്പിന്റെ പരസ്യങ്ങൾ പലരുടെയും കണ്ണിലുടക്കിയിട്ടുണ്ടാകും. ഇപ്പോഴിതാ തങ്ങളുടെ സൂപ്പർ ആപ്പിന്റെ ലോഞ്ചിങ്ങ് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ.

ഗൂഗിൾ പ്ലേ സ്റ്റോർ പേജിലെ ടീസർ ചിത്രത്തിലൂടെയാണ് ടാറ്റ ഇക്കാര്യം വെളിപ്പെടുത്തിയത്. ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് മാത്രമായിട്ടാണ് ഇതുവരെ ആപ്പ് ലഭിച്ചിരുന്നത്. ടാറ്റ് ന്യൂ എന്നാണ് പുതിയ ആപ്പിന്റെ പേര്.

ആമസോൺ (Amazon), പേടിഎം (Paytm), റിലയൻസ് ജിയോ (Reliance Jio) തുടങ്ങിയ നിരവധി ഇന്റർനെറ്റ് കമ്പനികൾ അവരുടെ സൂപ്പർ ആപ്പുകളുടെ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. പേയ്‌മെന്റുകൾ, കണ്ടന്റ് സ്ട്രീമിംഗ്, ഷോപ്പിംഗ്, യാത്രാ ബുക്കിങ്, പലചരക്ക് സാധനങ്ങൾ തുടങ്ങിയ സേവനങ്ങളെല്ലാം ഇവ നൽകുന്നുമുണ്ട്. ടാറ്റയുടെ സൂപ്പർ ആപ്പിനെ കുറിച്ച്‌ കൂടുതൽ അറിയാം.

ഷോപ്പിങ്ങ്, ട്രാവലിങ്ങ്, സാധനങ്ങൾ ബുക്ക് ചെയ്യൽ, മരുന്ന് വാങ്ങൽ എന്നിങ്ങനെ പല സേവനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് ടാറ്റ ന്യൂ ആപ്പിലൂടെ. തീർന്നില്ല, ന്യൂ ആപ്പിലൂടെ നിങ്ങൾക്ക് വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. ഈ സൂപ്പർ ആപ്പിലൂടെ ഡിജിറ്റൽ പേമെന്റും നടത്താം.

54 എംബി സൈസിലുള്ള ടാറ്റ ന്യൂ ആൻഡ്രോയ്ഡിലും ഐഫോണിലും ലഭ്യമാകും. ആദ്യഘട്ടത്തിൽ ടാറ്റ ന്യൂ ആപ്പിൽ മികച്ച ഓഫറുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരവധി മേഖലകളിൽ ടാറ്റയ്ക്ക് വ്യവസായം ഉള്ളതിനാൽ ഓൺലൈൻ വ്യാപാര രംഗത്തേക്കുള്ള (e-commerce) ചുവടു‍വെയ്പിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരു ആപ്പിലൂടെ ലഭ്യമാക്കുമ്പോൾ അവ ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

എയർഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എന്നീ വിമാന സർവീസുകളിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും താജ് ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടലുകൾ ബുക്ക് ചെയ്യാനും ബിഗ് ബാസ്കറ്റിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യാനും മരുന്നുകൾ വാങ്ങാനും ക്രോമയിൽ നിന്ന് ഇലക്‌ട്രോണിക്സ്, വെസ്റ്റ്സൈഡിൽ നിന്ന് വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങാനുമെല്ലാം ടാറ്റ ന്യു ആപ്പിലൂടെ സാധിക്കും. ആപ്പ് ഉപയോഗിച്ച്‌ ബുക്കിങുകളും മറ്റും ചെയ്യുന്നവർക്ക് ആപ്പ് വഴി നൽകുന്ന സേവനങ്ങളിൽ റിഡീം ചെയ്യാവുന്ന ന്യൂ കോയിനുകളും കമ്പനി നൽകുന്നു‌ണ്ട്.

ഏപ്രിൽ 7 മുതൽ എല്ലാവർക്കും ഈ ആപ്പ് ലഭ്യമാകും.

“അത്യാധുനിക ഡിജിറ്റൽ കണ്ടന്റ് ഉപയോഗിക്കുക, നിങ്ങളുടെ സാമ്ബത്തികമായ കാര്യങ്ങൾ നിയന്ത്രിക്കുക, പേയ്‌മെന്റുകൾ നടത്തുക, , നിങ്ങളുടെ അടുത്ത അവധിക്കാലമോ ഭക്ഷണമോ പ്ലാൻ ചെയ്യുക – ടാറ്റ ന്യുവിന്റെ ലോകത്ത് പരീക്ഷിക്കാനും അനുഭവിക്കാനും ധാരാളം ഉണ്ട്” എന്നാണ് പ്ലേ സ്റ്റോർ പേജിൽ ആപ്പിന് നൽകിയിരിക്കുന്ന വിവരണം.

Advertisement