ബീജിംഗ് ഒളിമ്പിക്സ് ബഹിഷ്ക്കരിച്ച് ഇന്ത്യ

ന്യൂഡൽഹി: ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. ഇന്ത്യക്കെതിരെ ഗൽവാനിൽ ചൈനീസ് നീക്കം നയിച്ച ക്വിഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം.
അതേസമയം നയതന്ത്ര ബഹിഷ്‌കരണം തെറ്റാണെന്നും ഒളിമ്പിക് തത്വങ്ങൾക്ക് വിരുദ്ധമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രതികരിച്ചു.
സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ.ഒളിമ്പിക്സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനീസ് നീക്കം ഖേദകരമാണ്. ബീജിംഗിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കില്ല. നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച രാജ്യങ്ങളിൽ യുഎസ്, യുകെ, കാനഡ എന്നിവയും ഉൾപ്പെടുന്നു. കൊവിഡ് ആശങ്കകൾക്കിടെ ഫെബ്രുവരി നാല് മുതൽ 20 വരെയാണ് ശീതകാല ഒളിമ്പിക്സ് നടക്കുക.
നേരത്തെ ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ച തീരുമാനത്തിനെതിരെ യുഎസ് രംഗത്തെത്തിയിരുന്നു. ചൈനീസ് തീരുമാനം ലജ്ജാകരമാണ്. ഉയ്ഗൂർ സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും യുഎസ് പിന്തുണ നൽകുന്നത് തുടരും – യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായ റിപ്പബ്ലിക്കൻ സെനറ്റർ ജിം റിഷ് പറഞ്ഞു. ഇന്ത്യയുമായുള്ള ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിലെ നഷ്ടം ചൈന മറച്ചുവെക്കുകയാണെന്ന് ഓസ്ട്രേലിയൻ അന്വേഷണാത്മക പത്രത്തിന്റെ റിപ്പോർട്ട്. പിഎൽഎയ്ക്ക് ഔദ്യോഗിക എണ്ണത്തേക്കാൾ ഒമ്പത് മടങ്ങ് കൂടുതൽ സൈനികരെ നഷ്ടപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ട്.

Advertisement