രാമക്ഷേത്ര ചടങ്ങ്; ‘പിൻമാറണം’, ‘ഇന്ത്യ’ സഖ്യത്തിൽ കോൺഗ്രസിന് കടുത്ത സമ്മർദ്ദം, ബഹിഷ്കരിക്കാൻ മറ്റു പാർട്ടികൾ

Advertisement

ന്യൂഡൽഹി: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി ഇതര പാർട്ടികൾ. ചടങ്ങിൽ കോൺ​ഗ്രസ് പ്രതിനിധികൾ പങ്കെടുക്കരുതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും ആവശ്യപ്പെടുന്നത്.

കോൺ​ഗ്രസിന്റെ ഈ നിലപാടിനോട് ചില സംസ്ഥാന ഘടകങ്ങൾക്കും കടുത്ത വിയോജിപ്പുണ്ടെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസും, ആർജെഡിയും, ജെഡിയുവും ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് സോണിയാ​ഗാന്ധിക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. സോണിയ അല്ലെങ്കിൽ കോൺ​ഗ്രസ് പ്രതിനിധികൾ ആരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. അതിനിടെ, കോണ്‍ഗ്രസ് നിലപാടിൽ ഹൈക്കമാൻ്റിനെ സംസ്ഥാന നേതൃത്വം ആശങ്കയറിയിച്ചിട്ടുണ്ട്.

അതേസമയം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കോൺ​ഗ്രസിനെതിരെ വിമർശനമുന്നയിച്ച സമസ്ത മുഖപ്രസംഗത്തോടുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. രാഹുൽ ​ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് സമസ്ത മുഖ്യപത്രവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യമുണ്ടായത്. എന്നാൽ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെ.സി വേണുഗോപാൽ. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ പറയുന്നു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തിൽ പറയുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രം നിർമ്മിക്കുന്നത്. രാജ്യത്തെ മതവൽക്കരിക്കാനുള്ള ബിജെപി ശ്രമത്തിൽ വീഴാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസ് കാട്ടണം. അല്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.

Advertisement