ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവെന്ന് റിപ്പോർട്ട് ഓഹരിയിലും ഇടിവ്

ന്യൂയോർക്ക്: സാമൂഹ്യ മാധ്യമ ഭീമൻ ഫെയ്‌സ്ബുക് വൻ‍ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. ഉപയോക്താക്കളുടെ എണ്ണവും ആളുകൾ ചെലവഴിക്കുന്ന സമയവും കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെയ്സ്ബുക്കിന്റെ പതിനെട്ട് കൊല്ലത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സ്ഥിതി.


ഡിസംബർ അവസാനം വരെയുള്ള മൂന്ന് മാസങ്ങളിലെ ഡിഎയു 1.929 ബില്യണായി കുറഞ്ഞുവെന്ന് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ നെറ്റ്‌വർക്ക്സ് പറയുന്നു. മുൻ പാദത്തിൽ സജീവ ഉപയോക്താക്കൾ 1.930 ബില്യൺ ആയിരുന്നു. ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള ശക്തമായ മത്സരം കാരണം ഫെയ്സ്ബുക്കിൽ നിന്നുള്ള വരുമാന വളർച്ച മന്ദഗതിയിലാകുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. ഫെയ്സ്ബുക്കിൽ പരസ്യം നൽകുന്നതും കുറഞ്ഞിട്ടുണ്ട്.

റിപ്പോർട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയിൽ മെറ്റയുടെ ഓഹരികൾ 20 ശതമാനത്തിലധികം ഇടിഞ്ഞു. മെറ്റയുടെ ഓഹരി വിലയിലെ ഇടിവ് കമ്പനിയുടെ ഓഹരി വിപണി മൂല്യത്തിൽ നിന്ന് 200 ബില്യൺ ഡോളറിലധികം (147.5 ബില്യൺ പൗണ്ട്) ആണ് നഷ്ടപ്പെടുത്തിയത്.

ട്വിറ്റർ, സ്നാപ്പ്, പിൻട്രസ്റ്റ് എന്നിവയുൾപ്പെടെ മറ്റ് ‌സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഓഹരികളും വിപുലീകൃത ട്രേഡിങ്ങിൽ കുത്തനെ ഇടിഞ്ഞു. ഗൂഗിളിനു ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റൽ പരസ്യ പ്ലാറ്റ്‌ഫോം സ്വന്തമാക്കിയ മെറ്റയും ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സ്വകാര്യതാ മാറ്റങ്ങൾ തങ്ങളെ ബാധിച്ചതായി വെളിപ്പെടുത്തി.

ആപ്പിളിലെ മാറ്റങ്ങൾ ബ്രാൻഡുകൾക്ക് ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പരസ്യങ്ങൾ ടാർഗെറ്റുചെയ്യാനും നിരീക്ഷിക്കാനും ബുദ്ധിമുട്ടാക്കിയെന്ന് മെറ്റയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഡേവ് വെഹ്‌നർ പറഞ്ഞു. മെറ്റയുടെ മൊത്ത വരുമാനം, ഇതിൽ ഭൂരിഭാഗവും പരസ്യ വിൽപനയിൽ നിന്നാണ്, കഴിഞ്ഞ പാദത്തിൽ 33.67 ബില്യൺ ഡോളറാണ് പരസ്യത്തിൽ നിന്ന് ലഭിച്ചത്.

വിവിധ കണക്കുകൾ പ്രകാരം ഉപയോക്താക്കൾ ഫെയ്സ്ബുക്കിൽ ചെലവഴിക്കുന്ന സമയവും കുറച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതിനു വഴിവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സ്ഥിരമായി അൽഗോരിതം മാറ്റുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Advertisement