മാസങ്ങൾക്കകം ഇന്ത്യയിൽ 5ജി: ഈ ദശാബ്ദത്തിൽ തന്നെ 6ജിയും പരിഗണനയിലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 5ജി സാധ്യമാകാൻ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 3ജി, 4ജി ടെലികോം ദാതാക്കൾ 5ജി ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി ടെലികോം റെ​ഗുലേറ്ററി അതോറിറ്റിയായ ട്രായിയുടെ സിൽവർ ജൂബിലി ചടങ്ങിൽ പറഞ്ഞു.

ഈ ദശാബ്ദത്തിൽ തന്നെ ഇന്ത്യ 6ജി ടെലികോം നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതിലൂടെ അൾട്രാ ഹെെ സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി സാധ്യമാകുമെന്നും വ്യക്തമാക്കി.

‘5ജി കടന്നു വരുന്നതോടുകൂടി 450 ബില്യൺ ഡോളർ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കൂട്ടിച്ചേർക്കപ്പെടും. ഇത് ഇന്ത്യൻ രൂപയിൽ ഏതാണ്ട് 3,492 കോടിയോളം വരും. ഈ വളർച്ച കൃഷി, ആരോ​ഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്സ് എന്നിവക്ക് കുതിപ്പ് നൽകും. 5ജി സാങ്കേതികവിദ്യ രാജ്യത്തിന്റെ ഭരണരം​ഗത്ത് നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരും. ഇന്റർനെറ്റിന്റെ വേ​ഗത വർധിപ്പിക്കുക മാത്രമല്ല 5ജി വികസനത്തിന്റെയും, തൊഴിലവസരങ്ങളുടെയും വേ​ഗത വർദ്ധിപ്പിക്കും’- പ്രധാനമന്ത്രി പറഞ്ഞു.

ഈ ദശാബ്ദത്തിൽ തന്നെ 6ജി ശൃംഖല പ്രവർത്തിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും പ്രധാനമന്ത്രി ചടങ്ങിൽ ചൂണ്ടിക്കാണിച്ചു. ഇന്ത്യയിൽ മൊബെെൽ നിർമ്മാണ യൂണിറ്റുകൾ രണ്ടിൽ നിന്ന് 200 ലേക്ക് ഉയർന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ മൊബെെൽ നിർമ്മാണ ഹബ്ബാണ് ഇന്ന് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

Advertisement