ഡിജിറ്റൽ പേയ്മന്റ് ആപ്പുമായി ടാറ്റ; ഫോൺ പേ‍, ഗൂഗിൾ‍ പേക്ക് തിരിച്ചടി

ന്യൂഡൽഹി: ഫോൺപേ, ഗൂഗിൾ പേയോടെപ്പം മത്സരിക്കാൻ സ്വന്തമായി ഡിജിറ്റൽ പേയ്മന്റ് ആപ്പ് ആരംഭിക്കാൻ ടാറ്റ തയ്യാറെടുത്തതായി റിപ്പോർട്ട്. ഇന്റർനെറ്റ് മേഖലയിൽ ചുവടുറപ്പിക്കാനുള്ള ടാറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് യുപിഐ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കുന്നത്. ടാറ്റ ഡിജിറ്റൽ എന്ന കമ്പനിക്ക് കീഴിലായിരിക്കും ആപ്പ്. എന്നാൽ ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

ഡിജിറ്റൽ പേയ്മന്റ് സംവിധാനം ആരംഭിക്കുവാൻ ടാറ്റ, നാഷണൽ പേയ്മന്റ്സ് കോർപ്പറേഷന് (എൻപിസിഐ) നൽകിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ്. ബാങ്കിങ് കമ്പനി അല്ലാത്തത് കൊണ്ട് മറ്റു ബാങ്കുകളുമായി സഹകരിച്ചായിരിക്കും ആപ്പിന്റെ പ്രവർത്തനം. ഗൂഗിൾ പേയും ഫോൺ പേയുമെല്ലാം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഐസിഐസി ബാങ്കുമായാണ് നിലവിൽ ടാറ്റ കരാറിൽ ഏർപ്പെടാൻ ശ്രമിക്കുന്നത്.

എന്നാൽ അത് കൂടാതെ കൂടുതൽ ബാങ്കുകളുമായി കരാറിലെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.
അടുത്തമാസം ആപ്പ് ഉപഭോക്താക്കളിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ബാങ്കിങ് ആപ്പുകൾക്ക് പുറമേ ഫോൺപേ, ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ കൂടാതെ വാട്സാപ്പ് പേ എന്നിവയാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യുപിഐ ആപ്പുകൾ. മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളുടെ കൂടെ മത്സരിക്കാനും, എന്തൊക്കെ മാറ്റങ്ങളും വ്യത്യസ്തതകളും ടാറ്റ കൊണ്ടുവരുമെന്നും കണ്ട് തന്നെ മനസ്സിലാക്കേണ്ടതാണ്. ഇതിനെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടിടില്ല.

Advertisement