Home News National കുടുംബകലഹത്തെ തുടര്‍ന്ന് മാറി താമസിച്ചിരുന്ന ഭാര്യയെ തിരികെ കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

കുടുംബകലഹത്തെ തുടര്‍ന്ന് മാറി താമസിച്ചിരുന്ന ഭാര്യയെ തിരികെ കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

കുടുംബകലഹത്തെ തുടര്‍ന്ന് മാറി താമസിച്ചിരുന്ന ഭാര്യയെ തിരികെ കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലാണ് നടുക്കുന്ന ക്രൂരത. ലോപോകെ ഗ്രാമത്തിലെ ലവ്പ്രീത് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഭാര്യ സന്ദീപ് കൗറിനെ കൂട്ടിക്കൊണ്ടുവരാനായി ലവ്പ്രീത് ഭാര്യവീട്ടിലെത്തിയതായിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതര്‍ക്കവും സംഘര്‍ഷവുമാണ് ഒടുവില്‍ അരുംകൊലയില്‍ കലാശിച്ചത്. ജൂണ്‍ 13നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്ത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തര്‍ക്കത്തിനിടെ ലവ്പ്രീതിന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീ പടര്‍ന്നതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ലവ്പ്രീതിനെയും ഇയാളെ സഹായിക്കാന്‍ ഓടിയെത്തിയ ബന്ധു ഗുര്‍ജിത് കൗറിനെയും ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതേ ദൃശ്യങ്ങളില്‍ കണ്ട ഗുര്‍ജിത് കൗര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു. പ്രതിയായ സാജന്‍ സിങ്ങിനും ആക്രമണത്തിനിടെ പൊള്ളലേറ്റിരുന്നു, ഇയാളെ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

തരണ്‍ തരണ്‍ പൊലീസ് സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയായ സാജന്‍ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലവ്പ്രീതിന്റെ ഭാര്യ സന്ദീപ് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒമ്പത് മാസത്തിനുള്ളില്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് സന്ദീപ് കൗര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. അന്നുമുതല്‍ അവര്‍ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.