ചെന്നൈ: വിജയ് ആരാധകര്‍ മാസങ്ങളായി ആകാംക്ഷയോടെ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഒടുവില്‍ എത്തിയിരിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് (CBFC) തടസ്സങ്ങള്‍ നീക്കി വിജയ് ചിത്രം ‘ജന നായകന്‍’ റിലീസിന് പച്ചക്കൊടി കാട്ടി. സിനിമയിലെ അക്രമാസക്തമായ ഏഴ് രംഗങ്ങള്‍ നീക്കം ചെയ്യാനും മൂന്ന് രംഗങ്ങള്‍ മാറ്റിസ്ഥാപിക്കാനും നിര്‍ദ്ദേശിച്ചാണ് ബോര്‍ഡ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. കൊലപാതകം, രക്തച്ചൊരിച്ചില്‍, ആവര്‍ത്തിച്ചുള്ള കുത്തല്‍ തുടങ്ങിയ തീവ്രമായ ദൃശ്യങ്ങളാണ് പ്രധാനമായും വെട്ടിമാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സെന്‍സറിങ് വിവാദങ്ങള്‍, നിയമപോരാട്ടങ്ങള്‍, ഓണ്‍ലൈന്‍ ചോര്‍ച്ച തുടങ്ങി ആറുമാസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ടാണ് ചിത്രം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്.
സ്ഥലനാമങ്ങള്‍ക്കൊപ്പം തമിഴ് വാചകം ചേര്‍ക്കുക, പുകയില/മയക്കുമരുന്ന് നിരാകരണങ്ങള്‍ (Disclaimer) കൂടുതല്‍ വ്യക്തവും വലുതുമാക്കുക, മയക്കുമരുന്ന് നിരാകരണം 8 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ തമിഴിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ഹളും സിബിഎഫ്‌സി നല്‍കിയിട്ടുണ്ട്. അസഭ്യ വാക്കുകള്‍ നിശബ്ദമാക്കാനും ചില സംഭാഷണങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. സിനിമയില്‍ കാണിക്കുന്ന ഒരു സിഗരറ്റ് ബ്രാന്‍ഡില്‍ നിന്ന് ‘ക്ലാസിക്’ എന്ന വാക്ക് നീക്കം ചെയ്യുകയും പകര്‍പ്പവകാശമുള്ള ഗാനങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കുകയും വേണം.43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യുകയും 18 സെക്കന്‍ഡ് ഫൂട്ടേജ് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ചിത്രത്തിന്റെ അന്തിമ റണ്‍ടൈം 180 മിനിറ്റാണ്.
2025 ഡിസംബറില്‍ എക്‌സാമിനിങ് കമ്മിറ്റി ചിത്രം കാണുകയും ചില വെട്ടിച്ചുരുക്കലുകളോടെ U/A 16+ സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2026 ജനുവരി 9ന് പൊങ്കല്‍ റിലീസ് നിശ്ചയിച്ചു. എന്നാല്‍, ഇതേ കമ്മിറ്റിയിലെ ഒരു അംഗം തന്നെ ചിത്രത്തിലെ ചില രംഗങ്ങളെ എതിര്‍ത്ത് സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷിക്ക് കത്തയച്ചു. ഇതോടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയും വിഷയം വീണ്ടും റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് എങ്ങനെ പരാതി ഉയരുമെന്ന് ചോദ്യം ചെയ്ത് ചിത്രത്തിന്റെ സംവിധായകന്‍ മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമാണ് ജനനായകന്‍. ശേഷം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായത് ചിത്രത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവും പൊതുജനശ്രദ്ധയും നേടിക്കൊടുത്തു. സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ ‘ദളപതി വിജയ്’ എന്നതിന് പകരം ‘തമിഴ്നാട് മുഖ്യമന്ത്രി വിജയ്’ എന്ന് മാറ്റണമെന്ന് ആരാധകര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അടുത്തിടെ ചിത്രത്തിന്റെ പതിപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിയമവിരുദ്ധമായി ചോര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് അസിസ്റ്റന്റ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




























