25.2 C
Kollam
Wednesday 5th August, 2026 | 12:30:48 PM
Home News Breaking News വ്രതം മുറിക്കാൻ ഫ്രൂട്ടി കുടിച്ചു, പിന്നാലെ കഠിനമായ വയറുവേദനയും ഛർദിയും; 33-കാരന് ദാരുണാന്ത്യം

വ്രതം മുറിക്കാൻ ഫ്രൂട്ടി കുടിച്ചു, പിന്നാലെ കഠിനമായ വയറുവേദനയും ഛർദിയും; 33-കാരന് ദാരുണാന്ത്യം

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ വ്രതം മുറിക്കുന്നതിനായി ഫ്രൂട്ടി കുടിച്ചതിന് പിന്നാലെ അസുഖബാധിതനായ 33-കാരൻ മരിച്ചു. ഫരീദാബാദിലെ ഹനുമാൻ നഗർ സ്വദേശിയായ അങ്കുഷ് ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Also Read: സുരക്ഷാ മുന്നറിയിപ്പ് ബോർഡിൽ ഇതെന്താണ്? എടുത്തുമാറ്റി മന്ത്രി പി സി വിഷ്ണുനാഥ്

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വ്രതത്തിലായിരുന്ന അങ്കുഷ്, വ്രതം മുറിക്കുന്നതിനായി കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ വെച്ച് പാക്കറ്റ് പാനീയമായ ഫ്രൂട്ടി കുടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പാനീയം കുടിച്ചതിന് തൊട്ടുപിന്നാലെ അങ്കുഷ് കഠിനമായ വയറുവേദനയെത്തുടർന്ന് ഛർദ്ദിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം ഇയാളുടെ ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ ഇയാളെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനാൽ അവിടെയുള്ള ഡോക്ടർമാർ ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ അങ്കുഷിന്‍റെ ആരോഗ്യനില കൂടുതൽ മോശമാവുകയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയുമായിരുന്നു. പുലർച്ചെ 1.30 ഓടെയാണ് സർവോദയ ആശുപത്രിയിൽ നിന്നും ഒരാളെ മരിച്ച നിലയിൽ എത്തിച്ചുവെന്ന വിവരം ലഭിക്കുന്നതെന്ന് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദേവേന്ദ്ര സിംഗ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, അങ്കുഷ് വ്രതം നോറ്റിരുന്നതായും വ്രതം മുറിക്കാൻ ഫ്രൂട്ടി കുടിച്ചതിന് ശേഷമാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്നും കുടുംബം പൊലീസിനെ അറിയിച്ചു. കുടുംബത്തിന്റെ പരാതി രേഖപ്പെടുത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ആവശ്യമായ നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.