24.7 C
Kollam
Saturday 18th July, 2026 | 08:44:05 AM
Home News National ഡല്‍ഹിയില്‍ പണം വാങ്ങി കുഞ്ഞുങ്ങളെ വില്‍ക്കുന്ന റാക്കറ്റ് പിടിയില്‍

ഡല്‍ഹിയില്‍ പണം വാങ്ങി കുഞ്ഞുങ്ങളെ വില്‍ക്കുന്ന റാക്കറ്റ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പണം വാങ്ങി കുഞ്ഞുങ്ങളെ വില്‍ക്കുന്ന റാക്കറ്റ് പിടിയില്‍. അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്തര്‍സംസ്ഥാന കുട്ടിക്കടത്ത് സംഘത്തെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ഡോക്ടര്‍ ഉള്‍പ്പെടെ 13 പേരാണ് അറസ്റ്റിലായത്. കുട്ടിക്കടത്ത് ശൃംഖലയുടെ പ്രധാന കോര്‍ഡിനേറ്റര്‍ ജ്യോതി, കുഞ്ഞുങ്ങളെ എത്തിച്ചിരുന്ന വിതരണക്കാരന്‍ സയ്ബാഭായ് ഘമര്‍, ബീഗംപൂരിലെ ഹീര മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉടമ ഡോ. വിവേകി എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. സംഘത്തില്‍ നിന്നും 5 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.
രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് 4-5 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുക്കളെ വാങ്ങിയോ മോഷ്ടിച്ചോ, ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ലക്ഷങ്ങള്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ വ്യത്യസ്ത കുഞ്ഞുങ്ങളുമായി കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ജൂണ്‍ 5ന് ഡല്‍ഹി പഹര്‍ഗഞ്ചിലെ ആര്‍കെ ആശ്രമം മെട്രോ സ്റ്റേഷന് സമീപം ഉപഭോക്താക്കളെന്ന വ്യാജേന പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് സംഘത്തിലേക്ക് പൊലീസ് എത്തുന്നത്.
കുഞ്ഞിനെ കൈമാറുന്നതിനിടെ ജ്യോതി അറസ്റ്റിലായി. തുടര്‍ന്ന് ഷാലു, ലളിത് എന്നീ പ്രതികളിലേക്കും പൊലീസ് എത്തി. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഈ മാഫിയ പ്രവര്‍ത്തിച്ചിരുന്നത്. വിവിധയിടങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി, വ്യാജ ജനന-മെഡിക്കല്‍ രേഖകള്‍ ചമച്ചാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റിരുന്നത്. ബീഗംപൂരിലെ ഹീര മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കേന്ദ്രീകരിച്ചാണ് അനധികൃത ദത്തെടുക്കലുകള്‍ നടന്നിരുന്നത്. കടത്തിയ കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കാനും വ്യാജ രേഖകള്‍ ഉണ്ടാക്കാനും ഡോ. വിവേകി സഹായിച്ചിരുന്നു.
20,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വിലയ്ക്ക് വാങ്ങുന്ന കുഞ്ഞുങ്ങളെ വലിയ തുകയ്ക്കാണ് മറിച്ചു വിറ്റിരുന്നത്. ആണ്‍കുട്ടികള്‍ക്ക് 7 മുതല്‍ 8 ലക്ഷം രൂപ വരെയും, പെണ്‍കുട്ടികള്‍ക്ക് 3 മുതല്‍ 4 ലക്ഷം രൂപ വരെയുമായിരുന്നു ഈടാക്കിയിരുന്നത്.
പാനിപ്പത്ത്, ഗ്വാളിയോര്‍ എന്നിവിടങ്ങളില്‍ നിന്നും നാല് കുട്ടികളെ കണ്ടെത്തി. രക്ഷപ്പെടുത്തിയ അഞ്ച് കുട്ടികളില്‍ നാല് പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണെന്ന് കരുതപ്പെടുന്നു. കുട്ടികളെ നിലവില്‍ ശിശുക്ഷേമ സമിതിയുടെ (ഇണഇ) സംരക്ഷണയിലാക്കിയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.