ന്യൂഡൽഹി: മിന്നും വിജയം നേടിയ പശ്ചിമ ബംഗാളിലും അസമിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിലേക്ക് കടന്ന് ബിജെപി. ബംഗാളിലേക്കുള്ള കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി അമിത് ഷായെയും സഹ നിരീക്ഷകനായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും നിയമിച്ചു. അസമിലേക്ക് കേന്ദ്രമന്ത്രി ജെപി നദ്ദയെ നിരീക്ഷകനായും ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെ സഹ നിരീക്ഷകനായും നിയമിച്ചു. ബംഗാളിൽ മെയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കുമെന്ന റിപ്പോർട്ടുണ്ട്.
Also Read: ആകാംക്ഷാഭരിതം! ആരൊക്കെയാകും പുതിയ മന്ത്രിമാർ? അണിയറയിൽ ഒരുങ്ങുന്നത് ആരൊക്കെ?
ബംഗാളിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട മമത ബാനർജി സർക്കാരിന് അന്ത്യംകുറിച്ചാണ് ബിജെപി 294ൽ 206 സീറ്റുകൾ പിടിച്ച് മുന്നേറ്റം നടത്തിയത്. മുഖ്യമന്ത്രി മമത ബാനർജി അടക്കം ബിജെപിയുടെ മുന്നേറ്റത്തിനിടെ പരാജയം രുചിച്ചു. ഭവാനിപുർ സീറ്റിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് ആണ് മമത പരാജയപ്പെട്ടത്. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദ്ര അധികാരിക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയേറുന്നത്. മുതിർന്ന നേതാക്കളായ ദിലിപ് ഘോഷ്, സമിക് ഭട്ടാചാര്യ, രൂപ ഗാംഗുലി, അഗ്നിമിത്ര പോൾ, സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ പേരും പാർട്ടിയുടെ പരിഗണനയിലുണ്ട്.
അസമിൻ ബിജെപി സഖ്യം ഇക്കുറി 126ൽ 102 സീറ്റുകൾ പിടിച്ചാണ് ഹാട്രിക് വിജയം നേടിയത്. മത്സരിച്ച 90 സീറ്റുകളിൽ 82 ഇടത്തും ബിജെപിക്ക് വിജയിക്കാനായി. സഖ്യകക്ഷികളായ ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ടും അസം ഗണ പരീഷത്തും 10 വീതം സീറ്റുകൾ പിടിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന മുന്നണി 100ലധികം സീറ്റുകൾ നേടുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ മത്സരത്തിനിറങ്ങിയ ബിജെപി സഖ്യത്തിന് മികച്ച വിജയം നേടാനായതോടെ ഹിമന്ത തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കും.




































