വൃദ്ധ ദമ്പതികളെ അബോധാവസ്ഥയിലാക്കി വീട്ടുജോലിക്കാർ കവർന്നത് ഒന്നര കോടിയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും

ഗുരുഗ്രാം: വീട്ടുജോലിക്കാർ പ്രായമായ ദമ്പതികൾക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കവർച്ച നടത്തിയെന്ന് പരാതി. ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും മോഷ്ടിച്ചെന്നാണ് പരാതി. നേപ്പാൾ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവർക്കെതിരെ കേസെടുത്തു.

ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 1ലാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് മോഷണം നടന്നതെന്ന് മകൻ അചൽ ഗാർഗ് നൽകിയ പരാതിയിൽ പറയുന്നു. ഡൽഹിയിൽ വ്യവസായിയാണ് അചൽ. താൻ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വ്യാഴാഴ്ച ജയ്പൂരിൽ പോയപ്പോഴാണ് വീട്ടുജോലിക്കാർ കവർച്ച നടത്തിയതെന്ന് അചൽ പറഞ്ഞു. സഹോദരി നികിതയാണ് മാതാപിതാക്കളെ ബോധം കെടുത്തി വീട്ടുജോലിക്കാർ കവർച്ച നടത്തിയ സംഭവം തന്നെ അറിയിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച രാത്രി വീട്ടുജോലിക്കാർ വിളമ്പിയ ഭക്ഷണം കഴിച്ചു. ഇതോടെ അബോധാവസ്ഥയിലായെന്ന് അചലിൻറെ പിതാവ് പറഞ്ഞു. വീരേന്ദ്ര രണ്ടാഴ്ച മുൻപും യശോദ ഒരാഴ്ച മുൻപുമാണ് ജോലിക്കെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡിഎൽഎഫ് ഫേസ് 1 പൊലീസ് കേസെടുത്തു.

കവർച്ചയുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദമ്പതികളുടെ ബോധം നഷ്ടമായതോടെ വേറെ രണ്ട് പേരുടെ സഹായത്തോടെയാണ് വീട്ടുജോലിക്കാർ കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ച് പൂട്ടിയിരുന്ന അലമാര അടിച്ച് തകർത്താണ് മോഷണം നടത്തിയത്. കവർച്ച ചെയ്ത ആഭരണങ്ങളും പണവുമായി സംഘം പുറത്തുനിർത്തിയിട്ടിരുന്ന ഇന്നോവ കാറിലാണ് മുങ്ങിയത്. പ്രതികളെ പിടികൂടാൻ തെരച്ചിൽ നടത്തുകയാണെന്ന് ഈസ്റ്റ് ഗുരുഗ്രാം ഡിസിപി മായങ്ക് ഗുപ്ത പറഞ്ഞു. പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. വൈകാതെ അവരെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement