കേന്ദ്ര പദ്ധതികളിലെ അഴിമതി ചൂണ്ടിക്കാട്ടി; തിരഞ്ഞെടുപ്പിനു മുൻപേ ഉദ്യോഗസ്ഥർക്കു സ്ഥാനചലനം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതികളിലെ വീഴ്ചയും അഴിമതിയും ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോർട്ടുകൾ തയാറാക്കിയ മൂന്ന് ഉദ്യോഗസ്ഥരെയടക്കം സ്ഥലം മാറ്റി. കേരളത്തിലെ അക്കൗണ്ടന്റ് ജനറലായുള്ള അതൂർവ സിൻഹയുടെ സ്ഥലം മാറ്റവും ഇതിലുൾപ്പെടുന്നു.

ദ്വാരക അതിവേഗ പാതയുടെ നിർമാണച്ചെലവ് 14 മടങ്ങു വർധിച്ചെന്ന കണ്ടെത്തലുള്ള റിപ്പോർട്ട് തയാറാക്കിയതിന്റെ ചുമതല പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് ഓഡിറ്റ് (ഇൻഫ്രാസ്ട്രക്ചർ) അതൂർവയ്ക്കായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അതൂർവയ്ക്ക് ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റിന്റെ ചുമതല നൽകിയത്. ഇപ്പോൾ, എസ്.സുനിൽ രാജിനെ മറ്റൊരു ചുമതലയിലേക്കു മാറ്റിയിട്ടാണ് കേരളത്തിൽ അതൂർവയെ നിയമിച്ചത്.

മോദി സർക്കാരിന്റെ സുപ്രധാന ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പിലെ അഴിമതി കണ്ടെത്തിയ ഓഡിറ്റിന് തുടക്കമിട്ട അശോക് സിൻഹ (നോർത്ത് സെൻട്രൽ മേഖലാ ഡയറക്ടർ ജനറൽ), റിപ്പോർട്ട് തയാറാക്കുന്നതിന്റെ ചുമതല വഹിച്ച ഡി.എസ്.ഷിർസാത്ത് എന്നിവരും സ്ഥലം മാറ്റപ്പെട്ടു. ഔദ്യോഗിക ഭാഷ, പരീക്ഷാ വിഭാഗങ്ങളുടെ ചുമതലയാണ് അശോക് സിൻഹയ്ക്കു നൽകിയിട്ടുള്ളത്. ഷിർസാത്തിന് നിയമകാര്യങ്ങളുടെ ചുമതലയും.

ഇവരുൾപ്പെടെ 37 ഉദ്യോഗസ്ഥരെയാണു കഴിഞ്ഞ മാസം 12ന് സ്ഥലംമാറ്റിയത്. ദ്വാരക അതിവേഗപാത, ആയുഷ്മാൻ ഭാരത് എന്നിവയുടേതിനു പുറമേ 10 ഓഡിറ്റ് റിപ്പോർട്ടുകൾ കൂടി സിഎജി കഴിഞ്ഞ മഴക്കാല സമ്മേളനത്തിൽ പാർലമെന്റിൽ വച്ചിരുന്നു.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയപാതാ അതോറിറ്റിക്കു കീഴിലെ ടോൾ പ്ലാസയിൽ നിയമം ലംഘിച്ചു 132 കോടി രൂപ യാത്രക്കാരിൽനിന്നു പിരിച്ചു, വ്യോമയാന മന്ത്രാലയം ഉഡാൻ പദ്ധതി വഴി അനുവദിച്ച റൂട്ടുകൾ ആരംഭിച്ചില്ല തുടങ്ങി മിക്കവാറും പ്രധാന മന്ത്രാലയങ്ങളെ പ്രതികൂട്ടിലാക്കുന്നതായിരുന്നു മറ്റു റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്തനായി അറിയപ്പെടുന്ന ജി.സി.മുർമുവാണു നിലവിൽ സിഎജി. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുർമു, ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന കാലത്തു അവിടെ ലഫ്. ഗവർണറായിരുന്നു.

രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങവേ, സർക്കാർ പദ്ധതികളിലെ അഴിമതി സംബന്ധിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തലുകൾക്കു പ്രാധാന്യമേറെയാണ്. വിപരീത പരാമർശങ്ങൾ തങ്ങളെ ബാധിക്കുമെന്നു സർക്കാരിനു ബോധ്യമുണ്ട്. യുപിഎ സർക്കാരിന്റെ കാലത്തു 2ജി വിതരണം, കൽക്കരി പാടം വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടുകൾ അന്നത്തെ സർക്കാരിന്റെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഇത്തവണ, ആയുഷ്മാൻ ‌ഭാരത് പദ്ധതി, ദ്വാരക അതിവേഗ പാത എന്നിവയിലെ അഴിമതി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുകയും ചെയ്തു. വിശേഷിച്ചും കോൺഗ്രസും ആം ആദ്മിയും.

Advertisement