തെക്കന്‍ കേരളത്തിന്‍റെ അകത്തുംപുറത്തും ചൂട്

തിരുവനന്തപുരം. ബൂത്തില്‍ ആളെത്തിയിട്ടുപോലും രാഷ്ട്രീയ വിവാദങ്ങൾ കത്തിക്കയറിയ തെക്കൻ കേരളത്തിൽ പ്രവചനങ്ങൾക്കു പിടിതരാതെ വിധിയെഴുത്ത്.ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം,ആറ്റിങ്ങൽ മണ്ഡലങ്ങളിലും,ദേശീയ ശ്രദ്ധയാകർഷിച്ച ആലപ്പുഴ മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു.വോട്ടിങ് മെഷിനിലെ തകരാറു മൂലം പലയിടത്തുമുണ്ടായ വൈകൽ നേരിയ സംഘർഷം ഉണ്ടാക്കിയെങ്കിലും പൊതുവെ സമാധാനപരമായിരുന്നു തെക്കൻ കേരളത്തിലെ പോളിംഗ് ദിനം.

സംസ്ഥാനത്തെ പൊതു പോളിങ് പാറ്റേൺ രീതി തന്നെയായിരുന്നു തെക്കൻ കേരളത്തിലും.രാവിലെ ഏഴു മുതൽ പത്തു വരെ വോട്ടർമാർ കാര്യമായി പോളിംഗ് ബൂത്തിലേക്കെത്തി.എന്നാൽ കടുത്ത ചൂട് അനുഭവപ്പെട്ട ഉച്ച സമയത്തു ആളുകളുടെ എണ്ണം കുറഞ്ഞു.വൈകുന്നേരത്തോടെ
വീണ്ടും ആളുകൾ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി. പലയിടത്തും ഇത് രാത്രിയോളം നീണ്ടു. തിരുവനന്തപുരത്തു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73.06 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഇക്കുറി 66.43 ആയി കുറഞ്ഞു.കോൺഗ്രസിന് മുൻതൂക്കമുള്ള കോവളത്തും,കഴിഞ്ഞ തവണ ബിജെപിക്കു വോട്ടുയർത്തിയ നേമം നിയമസഭ
മണ്ഡലത്തിലും കാര്യമായ പോളിംഗുണ്ടായി.
ആറ്റിങ്ങലിലും പോളിങ് കാര്യമായി കുറഞ്ഞു.
എന്നാൽ യുഡിഎഫിന് കാര്യമായ സ്വാധീനമുള്ള അരുവിക്കര കാട്ടാക്കട മേഖലകളിൽ പോളിംഗ് വർധിച്ചു.2019 ൽ 80.25 പോളിംഗ് രേഖപ്പെടുത്തിയ ആലപ്പുഴ മണ്ഡലത്തിൽ ഇത്തവണ 76 ശതമാനമായി
കുറഞ്ഞു.ആലപ്പുഴ നിയമസഭാ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് നടന്നത്.പോളിംഗ് ശതമാനത്തിലെ
മാറ്റം ശക്തമായ അടിയൊഴുക്കുകൾ ഉണ്ടാക്കിയെന്നും,ജാതി സമവാക്യങ്ങൾക്ക് മാറ്റം ഉണ്ടാക്കിയെന്നുമാണ്
വിലയിരുത്തൽ.പത്തനംതിട്ടയിൽ ഇത്തവണ പോളിംഗ് ശതമാനം 65 കടന്നില്ല.അടൂർ നിയമസഭ മണ്ഡലത്തിൽ മാത്രമാണ് ഭേദപ്പെട്ട പോളിംഗ് ഉണ്ടായത്.എട്ടോളം കള്ളവോട്ട് പരാതികളും പത്തനംതിട്ടയിൽ ഉയർന്നു.കൊല്ലത്തു മലയോര തീരദേശ മേഖലകളിൽ കനത്ത പോളിംഗ് ഉണ്ടായപ്പോൾ നഗര മേഖലയിൽ കുറവുണ്ടായി.സ്ത്രീ വോട്ടർമാരാണ് കൊല്ലത്തു കൂടുതലും പോളിംഗ് ബൂത്തിലെത്തിയത്. അട്ടിമറികൾ പ്രതീക്ഷിച്ച മാവേലിക്കര മണ്ഡലത്തിലും പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 74 ശതമാനം ആയിരുന്നെങ്കിൽ ഇത്തവണയത് 65 ആയി ചുരുങ്ങി

Advertisement