പശ്ചിമബംഗാള്‍, അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 19 ആയി

കൊല്‍ക്കൊത്ത.പശ്ചിമബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 19 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകർ. അക്രമം നടന്ന ബൂത്തുകളിൽ റീപോളിംഗ് വേണമെന്ന് ആവശ്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്നുണ്ടാകും. അക്രമ സംഭവങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ മൗനം ചോദ്യം ചെയ്ത് ബിജെപി രംഗത്ത് വന്നു.

പശ്ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ മാത്രമുണ്ടായ സംഘർഷങ്ങളിൽ 19 പേരാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരിൽ 13 പേർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്.

2 ബിജെപി പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഒരു കോണ്ഗ്രസ് പ്രവർത്തകനും, സ്വതന്ത്ര സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റും കൊല്ലപ്പെട്ടു.

കേന്ദ്രസേനയുടെ അനാസ്ഥയാണ് അക്രമ സംഭവങ്ങൾക്ക് കാരണമെന്ന തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

പ്രശ്നബാധിത ബൂത്തുകളുടെ വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമിഷൻ തയ്യാറായില്ലെന്ന് ബിഎസ്എഫ് ആരോപിച്ചിരുന്നു.

അക്രമം നടന്ന ബൂത്തു കളിൽ റീപോളിംഗ് നടത്തണമെന്ന് , ബിജെപി, സിപിഎം, കോണ്ഗ്രസ് എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിരീക്ഷകരിൽ നിന്നും റിട്ടേണിംഗ് ഓഫീസർമാരിൽ നിന്നുമുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റീപോളിംഗ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് സിൻഹ അറിയിച്ചു.

ഇക്കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. നാളെയോ മറ്റന്നാളോ ആയി റീപോളിംഗ് നടക്കാനാണ് സാധ്യത.

ബംഗാളിൽ നടന്ന ജനാധിപത്യ വിരുദ്ധമായ അക്രമങ്ങൾ ക്കെതിരെ വാ തുറക്കാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ തയ്യാറാകുന്നില്ലെന്ന് ബിജെപി വിമർശിച്ചു.അക്രമം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച്,
തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് സിൻഹയ്ക്ക് നേരെ കറുത്ത മഷി എറിയാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement