ജി20 അധ്യക്ഷപദം; രാജ്യത്തിന്റെ കരുത്ത് കാട്ടാനുള്ള അവസരമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകത്തെ മുഴുവന്‍ ഇന്ത്യയുടെ കരുത്ത് അറിയിക്കാനുള്ള അപൂര്‍വ അവസരമാണ് ജി20 അധ്യക്ഷ പദത്തിലൂടെ രാജ്യത്തിന് ലഭിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇതിനായി നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജി20യുടെ ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ക്ക് എല്ലാനേതാക്കളുടെയും സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ലോകത്തെ എല്ലാ രാജ്യങ്ങളും ഇന്ത്യയെ അതീവ ജിജ്ഞാസയോടെയാണ് വീക്ഷിക്കുന്നത്. തങ്ങള്‍ എങ്ങനെ ഈ അവസരം വിനിയോഗിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

ജി20 അധ്യക്ഷപദവി ലോകത്തിന് ഇന്ത്യയുടെ വിവിധ കോണുകള്‍ കാട്ടിക്കൊടുക്കാനുള്ള അവസരമാണ് തുറന്ന് നല്‍കുന്നത്. രാജ്യത്തെ വമ്പന്‍ മെട്രോകള്‍ മാത്രം കാണാനുള്ള അവസരമേ ലോകത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളൂ. ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇവിടേക്ക് എത്തിച്ചേരും. ജി20 സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥലങ്ങളിലെ വിനോദസഞ്ചാരമേഖലകളില്‍ ഉണ്ടായിട്ടുള്ള കുതിച്ച് ചാട്ടവും മോഡി ചൂണ്ടിക്കാട്ടി. അത്‌കൊണ്ട് തന്നെ നമ്മളും ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇത് പ്രാദേശിക സമ്പദ്ഘടനയ്ക്ക് കരുത്ത് പകരും. 

പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ബിജെപി നേതാവ് ജെപി നദ്ദ, കോണ്‍ഗ്രസില്‍ നിന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ബിജെഡി നേതാവ് നവീന്‍ പട്‌നായിക്, എഎപി നേതാവ് അരവിന്ദ് കെജരിവാള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡു, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും യോഗത്തില്‍ സംസാരിച്ചു. ജി20 യോഗത്തിന്റെ മുന്‍ഗണനകള്‍ സംബന്ധിച്ച വസ്തുതകളാണ് ഇരുവരും പരാമര്‍ശിച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, എസ് ജയശങ്കര്‍, പീയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി, ഭൂപീന്ദര്‍യാദവ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Advertisement