അറിയുമോ തൃക്കാർത്തികയുടെ ഈ ഐതിഹ്യങ്ങൾ?

Advertisement

കൊല്ലം: വെളിച്ചത്തിന്റെ ഉത്സവമായ വൃശ്ചികത്തിലെ തൃക്കാർത്തിക നാളെദേവിയുടെ ജന്മ ദിനത്തിൽ ദേവിയെ നമ്മുടെ വീട്ടിലേക്ക് ആനയിക്കുന്നു എന്നാണ് കാർത്തിക ദീപം തെളിയിക്കുന്നതിന്റെ സങ്കൽപം.

വീടുകളിലും ക്ഷേത്രങ്ങളിലും മൺചെരാതുകളിൽ കാർത്തിക ദീപം തെളിച്ച് ആഘോഷിക്കും. ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാൽ അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാർത്തിക നാൾ. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്‌കന്ദത്തിൽ പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്‌നിപുരാണത്തിൽ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാർത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് വീടുകളിൽ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു.

സുബ്രഹ്മണ്യന്റെ ജന്മനാളാണെന്ന സങ്കല്പവും ചിലയിടങ്ങളിൽ കാർത്തിക വിളക്ക് ആഘോഷത്തിന് പിന്നിലുണ്ട്. ദേവിയുടെ ഭർത്താവായിത്തീർന്ന പാലകൻ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാർത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്റെ വടക്കൻ ചീരിലെ അഞ്ചാം കാതത്തിൽ പറയുന്നു.
തെങ്ങും പഌവും അടുത്തടുത്ത് നിൽക്കുന്ന സ്ഥലത്ത് മുറത്തിൽ ഇടിഞ്ഞിലുകളോ (ചെരാതുകൾ) വെള്ളയ്ക്ക (കൊച്ചങ്ങ) തോടുകളോ നിറച്ച് എണ്ണ നിറച്ച് തിരി കൊളുത്തി വയ്ക്കും. പുതിയ മുറത്തിലോ താമ്പാളത്തിലോ അരി, ശർക്കര, അരിമാവ്, തേങ്ങ, ദീപം, തുളസിപ്പൂവ്, അവിൽ, പൊരി തുടങ്ങിയ പടുക്ക സാധനങ്ങൾ ചന്ദനം, ഭസ്മം, എന്നിവ ഒരുക്കി വച്ച് രണ്ട് പന്തം കത്തിക്കും. ആ പന്തങ്ങളുമായി സ്ത്രീയും, പുരുഷനും വീടിന് മൂന്ന് വലംവയ്ക്കും. ചുറ്റിനുമുള്ള വൃക്ഷങ്ങളുടെ പേരുചൊല്ലി ദീപം കാട്ടും.

കാർത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിയ്ക്കും കഴിക്കണം. താമ്പാളത്തിൽ അരിമാവും, ശർക്കരയും നല്ലെണ്ണയും ഞെവടിച്ചേർത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രി ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേർക്കാതെ പൂവരശിന്റെ ഇലയിൽ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.
വൃശ്ചികം ഒന്നു മുതൽ കാർത്തിക വരെ കാർത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകൾക്ക് മുന്നിലെ മുറ്റത്താണ് കാർത്തിക പൂക്കളം ഒരുക്കുന്നത്.

Advertisement