അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിക്കും

അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിക്കും

അമൃത്സർ: ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിക്കും. കോൺഗ്രസ് വിട്ട അമരീന്ദർ സിംഗ് കഴിഞ്ഞ വർഷമാണ് പുതിയ പാർട്ടി രൂപീകരിച്ചത്. സെപ്റ്റംബർ 19ന് അമരീന്ദറിന്റെ പാർട്ടി ബിജെപിയിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തെത്തിയത്.

പിസിസി അധ്യക്ഷനായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിർദിശയിലായിരുന്ന അമരീന്ദർ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ഉടൻ തന്നെ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു. അമരീന്ദർ സിംഗിന് 20,105 വോട്ടുകൾ ലഭിച്ചപ്പോൾ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.

Advertisement