മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് ഒമ്പത് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഭോപാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് ഒമ്പത് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിദിഷ, സത്‌ന, ഗുണ എന്നീ ജില്ലകളിലാണ് ആളുകൾ ഇടിമിന്നലേറ്റ് മരിച്ചത്.

സംസ്ഥനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ഉണ്ടാവുമെന്ന് കലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

വിദിഷയിൽ മഴക്കിടെ മരത്തിന് ചുവട്ടിൽ നിന്ന നാലുപേർ ഇടിമിന്നലേറ്റ് മരിച്ചതായി പൊലീസ് ഇൻസ്പെക്ടർ കുൻവർ സിങ് മുക്തി പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. സത്‌നയിലെ പോഡി-പടൗറ, ജത്‌വാര എന്നിവിടങ്ങളിൽ വ്യത്യസ്ത സംഭവങ്ങളിൽ നാലുപേർ മരിച്ചതായും 12ഉം 16ഉം വയസുള്ള രണ്ട് ആൺകുട്ടികൾക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ.

ഗുണയിൽ ബോറ സ്വദേശിയായ 45കാരിയും ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഗ്വാളിയോറിൽ മാത്രം 54.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് മധ്യപ്രദേശിൽ മഴ ശക്തമാവാൻ കാരണമെന്ന് ഭോപാൽ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement