ഒരു ദശാബ്ദത്തിനിടയിലെ നാലാമത്തെ ഉയർന്നയളവ് മഴ രേഖപ്പെടുത്തി മുംബൈ

മുംബൈ:മുംബൈയിൽ റെക്കോർഡ് മഴയാണ് ജൂലൈ മാസത്തിൽ പെയ്തതെന്ന് വ്യക്തമാക്കി കാലാവസ്ഥ വകുപ്പ്. 1,244 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ഒരു ദശാബ്ദത്തിലെ ഉയർന്ന മഴയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ നാലാമത്തെ ഉയർന്ന അളവാണ് ഇതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കാലവർഷ മാസങ്ങളിൽ ജൂലൈ മാസത്തിലാണ് മുംബൈ ഏറ്റവും ഈർപ്പമുള്ളതാകുന്നത്. ശരാശരി 919 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരുന്നത്. എന്നാൽ ഈ വർഷം ആദ്യത്തെ 12 ദിവസം കൊണ്ട് തന്നെ ഇതു മറികിടന്നു.

ജൂലൈയിൽ ശരാശരിയെക്കാൾ മഴ റിപ്പോർട്ട് ചെയ്തു. ഒപ്പം തന്നെ ചില ദിനങ്ങൾ വരണ്ടതുമായിരുന്നു. 24 മണിക്കൂറിനിടയിൽ 2.5 മില്ലിമീറ്ററിനു താഴെ മഴ പെയ്യുന്നതിനെയാണ് വരണ്ടദിനം എന്ന് പറയുന്നത്.കാലാവസ്ഥ വകുപ്പിന്റെ മഴയുടെ തരത്തിരിവിൽ 2.5 മില്ലിമീറ്ററിന് മുകളിൽ ലഭിക്കുന്ന മഴയെ നേരിയ മഴ എന്നാണ് പറയുന്നത്. ഇത്തരത്തിൽ നേരിയ മഴയാണ് ഓഗസ്റ്റ് 4 വരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ജൂലൈയിൽ 1,244 മില്ലിമീറ്റർ മഴയിൽ കൂടുതൽ റിപ്പോർട്ട് ചെയ്തത് 2020-ലും (1,502.6 മില്ലിമീറ്റർ), 2019-ലും (1,464.8 മില്ലിമീറ്റർ), 2014-ലും (1,468.5 മില്ലിമീറ്റർ) ആയിരുന്നു.

Advertisement