26.7 C
Kollam
Saturday 17th October, 2026 | 02:41:50 PM
Home News Local സിഡിഎസ് കമ്മിറ്റിയിലെ ആർ.പി തസ്തികയിൽ തിരിമറി;ശൂരനാട് വടക്ക് സിപിഎം–സിപിഐ തർക്കം രൂക്ഷം

സിഡിഎസ് കമ്മിറ്റിയിലെ ആർ.പി തസ്തികയിൽ തിരിമറി;ശൂരനാട് വടക്ക് സിപിഎം–സിപിഐ തർക്കം രൂക്ഷം

ശാസ്‌താംകോട്ട:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് കമ്മിറ്റിയിലെ ആർ.പി തസ്തികയിൽ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് തിരിമറി നടത്തിയ സംഭവത്തിൽ സിപിഎം–സിപിഐ തർക്കം രൂക്ഷമാകുന്നതായി റിപ്പോർട്ട്.

നിലവിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സിഡിഎസ് കമ്മിറ്റിയിൽ നടന്ന നിയമനത്തിൽ നിന്നും സിപിഐയുമായി ബന്ധപ്പെട്ട കുടുംബത്തിൽപ്പെട്ട ആളെ വെട്ടിമാറ്റിയതാണ് തർക്കങ്ങളിലേക്ക് നയിച്ചത്.ഇൻ്റർവ്യൂവിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വ്യക്തി സിപിഐയുമായി ബന്ധപ്പെട്ട കുടുംബത്തിൽപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു.എന്നാൽ ഇതിനു പകരം,രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ മാർക്കിൽ തിരുത്തൽ വരുത്തി സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ വ്യക്തിയുടെ ഭാര്യയ്ക്ക് നിയമനം നൽകാൻ ചെയർപേഴ്സൺ ഇടപെട്ടുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

ഇതോടെ ഒരേ മുന്നണിയിൽപ്പെട്ട ഇരു പാർട്ടികളും തമ്മിലുള്ള തർക്കം മറ നീക്കി പുറത്തേക്ക് എത്തുകയായിരുന്നു.നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കുടുംബശ്രീ പ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിയമനത്തെച്ചൊല്ലി കഴിഞ്ഞ സിഡിഎസ് കമ്മിറ്റി യോഗത്തിൽ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായതായും വിവരങ്ങളുണ്ട്.നിയമന നടപടികളുടെ സുതാര്യതയും അർഹരായവർക്ക് നീതി ലഭിക്കുന്നുണ്ടോയെന്ന ചോദ്യവും ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തുകയും വേണമെന്ന ആവശ്യവും ഉയരുകയാണ്.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണത്തിലായിരിക്കെ,കുടുംബശ്രീ സിഡിഎസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കക്ഷിയും പഞ്ചായത്ത് ഭരണസമിതിയും വ്യത്യസ്തമായ സാഹചര്യമാണ് നിലവിലുള്ളത്.പഞ്ചായത്ത് ഭരണസമിതിയുമായി മതിയായ കൂടിയാലോചനകളില്ലാതെയാണ് ഇത്തരം നടപടികൾ നടക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.കുടുംബശ്രീ എന്നത് സാധാരണക്കാരായ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റത്തിനായി രൂപീകരിച്ച ജനകീയ പ്രസ്ഥാനമാണ്.അത്തരമൊരു സംവിധാനത്തിൽ നിയമനങ്ങൾ സുതാര്യവും നീതിപൂർവവും മാനദണ്ഡങ്ങൾക്കനുസൃതവും ആയിരിക്കണം എന്നാണ് വ്യവസ്ഥ.

കാലങ്ങളായി ശൂരനാട് വടക്ക് പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപണക്കങ്ങൾ പരിഹരിക്കാൻ നേതൃത്വം ഇടപെടാത്തതാണ് വീണ്ടും സ്ഥിതിഗതികൾ വഷളാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here