27.8 C
Kollam
Wednesday 19th August, 2026 | 03:52:50 PM
Home News Kerala പി.കെ രാഘവന് സമം പി.കെ രാഘവൻ തന്നെ

പി.കെ രാഘവന് സമം പി.കെ രാഘവൻ തന്നെ

ശാസ്‌താംകോട്ട:മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റാൻ സമൂഹം തീർത്ത ഏറ്റവും ക്രൂരമായ മതിലുകളിലൊന്നായിരുന്നു ജാതി. ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പണിതുയർത്തപ്പെട്ട ആ വേലികൾക്ക് ജാതി എന്നും മതമെന്നും പേരിട്ടു. നിറത്തിന്റെ പേരിൽ, ജനനത്തിന്റെ പേരിൽ, പാരമ്പര്യത്തിന്റെ പേരിൽ ഒരു ജനതയെ നൂറ്റാണ്ടുകളോളം അടിച്ചമർത്തി. മണ്ണിൽ വിയർപ്പൊഴുക്കിയ കൈകൾക്ക് അവകാശങ്ങളില്ലാതിരുന്ന കാലം. അദ്ധ്വാനിച്ചവൻ അടിമയും അനുഭവിച്ചവൻ അധികാരിയുമായിരുന്ന കാലം.പക്ഷേ ചരിത്രം എന്നും അങ്ങനെ തുടരില്ല. ഇരുട്ടിന്റെ ആഴങ്ങളിൽ നിന്നാണ് പലപ്പോഴും വെളിച്ചത്തിന്റെ മനുഷ്യർ പിറക്കുന്നത്.

നിശബ്ദരാക്കപ്പെട്ടവരുടെ ചുണ്ടുകൾക്ക് ശബ്ദം നൽകാനും, തലകുനിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരെ തല ഉയർത്തി നിൽക്കാൻ പഠിപ്പിക്കാനും ചിലർ ഈ മണ്ണിൽ ജനിച്ചു. അത്തരമൊരു പോരാളിയായിരുന്നു പി.കെ രാഘവൻ.കറുത്ത ദൃഢഗാത്രമായ ശരീരത്തിൽ തൂവെള്ളയെക്കാൾ ശോഭയുള്ള ഒരു മനസ്സ് സൂക്ഷിച്ചിരുന്ന അദ്ദേഹം ഒരു നേതാവ് മാത്രമായിരുന്നില്ല അടിച്ചമർത്തപ്പെട്ടവരുടെ വേദന സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ജനപക്ഷ പോരാളിയായിരുന്നു. തന്റെ ചുറ്റുമുള്ള മനുഷ്യരുടെ കണ്ണീരിൽ സ്വന്തം ജീവിതത്തിന്റെ പ്രതിബിംബം കണ്ട മനുഷ്യൻ.

വിശപ്പിന്റെ വേദനയും അവകാശനിഷേധത്തിന്റെ കയ്പ്പും അനുഭവിച്ചറിഞ്ഞതിനാലാണ് അദ്ദേഹംപാവങ്ങളിൽ പാവങ്ങളായ മനുഷ്യരുടെ കൂടെ അവസാന ശ്വാസം വരെ നിന്നത്.വലിയ വേദികളിൽ നിന്നുള്ള ആഹ്വാനങ്ങളേക്കാൾ ശക്തമായിരുന്നു അദ്ദേഹത്തിന്റെ ജനങ്ങളിലേക്കുള്ള യാത്രകൾ. വീടുകൾ കയറി അവരുടെ ജീവിതങ്ങൾ കേട്ടറിഞ്ഞു. അവരുടെ വിങ്ങലുകൾ മനസ്സിലാക്കി. ഒറ്റപ്പെട്ട മനുഷ്യരെ ഒരുമിപ്പിച്ച് അവകാശബോധത്തിന്റെ വഴിയിലേക്ക് നയിച്ചു. വർഗ്ഗസമരത്തിന്റെ പ്രസക്തി സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹം പകർന്നു നൽകി.ശൂരനാട്ടിന്റെ സമര ഭൂമികയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട ആ വിപ്ലവകാരി, കർഷക തൊഴിലാളികളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങൾക്ക് കരുത്തായി മാറി.1954-ലെ ട്രാൻസ്പോർട്ട് സമരം,1960-ലെ ഭക്ഷ്യ സമരം,ഭരണിക്കാവിലെ പുറമ്പോക്ക് സമരം, എടക്കാട് കർഷകത്തൊഴിലാളി സമരം, കൊടുമൺ പ്ലാന്റേഷൻ സമരം തുടങ്ങി നിരവധി ജനകീയ പോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.അധികാരത്തിന്റെ മർദ്ദനവും പോലീസിന്റെ ക്രൂരതയും ജയിൽവാസവും അദ്ദേഹത്തിന്റെ വഴിയിൽ തടസ്സങ്ങളായില്ല മറിച്ച് പോരാട്ടത്തിന്റെ തീ കൂടുതൽ ജ്വലിപ്പിച്ച അനുഭവങ്ങളായി മാറി.

കർഷക തൊഴിലാളി സംഘടനയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച സഖാവ്, പാർട്ടിയുടെ ശൂരനാട് ലോക്കൽ സെക്രട്ടറി, പഴയ കുന്നത്തൂർ താലൂക്ക് സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചു. സംഘടനാ പ്രവർത്തനത്തിന്റെ കരുത്തും ജനങ്ങളോടുള്ള ആത്മബന്ധവും അദ്ദേഹത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയനായ നേതാവാക്കി മാറ്റി.1967-ലെ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് കേരള നിയമസഭയിലെത്തിയ അദ്ദേഹം 1967-70 കാലഘട്ടത്തിൽ ജനപ്രതിനിധിയായി പ്രവർത്തിച്ചു.സി.അച്യുതമേനോൻ മന്ത്രിസഭയിൽ പട്ടികജാതി വികസന വകുപ്പിന്റെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.പിന്നീട് 1987-ലെ തെരഞ്ഞെടുപ്പിൽ വൈക്കത്ത് നിന്ന് വിജയിച്ച് ഇ.കെ നായനാർ മന്ത്രിസഭയിലും മന്ത്രിയായി.കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചുസാമൂഹിക നീതിയുടെ പോരാട്ടങ്ങൾക്ക് തന്റെ ജീവിതം സമർപ്പിച്ചു.എന്നാൽ ചരിത്രത്തിന്റെ ചില ഏടുകളിൽ ചില പേരുകൾ കാലത്തിന്റെ പൊടിപടലങ്ങൾക്കിടയിൽ മറഞ്ഞുപോകാറുണ്ട്.

അധികാരത്തിന്റെ പ്രകാശവലയങ്ങളിൽ നിന്ന് അകന്നു നിന്നു ജനങ്ങളുടെ കണ്ണീരിന് കാവലിരുന്ന ഇത്തരം മനുഷ്യരെ ഓർമ്മിക്കുക എന്നത് ഒരു രാഷ്ട്രീയ കടമ മാത്രമല്ല, ഒരു സമൂഹത്തിന്റെ ചരിത്രബോധവുമാണ്.പി. കെ രാഘവന്റെ ജീവിതം നമ്മോട് പറയുന്നത് ഒരു വലിയ സത്യമാണ്.അവകാശങ്ങൾ ആരും ദാനമായി നൽകുന്നതല്ല പോരാടി നേടിയെടുക്കുന്നതാണ്.മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഒരു സമൂഹത്തിന് എന്ത് പുരോഗതിയാണ്?
അദ്ധ്വാനിക്കുന്ന കൈകൾക്ക് മാന്യത നൽകാത്ത ഒരു ലോകത്തിന് എന്ത് നീതിയാണ്?ആ ചോദ്യങ്ങളുടെ ഉത്തരമായി, ജനപക്ഷ രാഷ്ട്രീയത്തിന്റെ ഓർമ്മയായി, പോരാട്ടത്തിന്റെ പാതയിലെ ഒരു അണയാത്ത ദീപമായി പി. കെ രാഘവൻ എന്നും നിലനിൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here