ഓച്ചിറ.ചരിത്രവും ഐതിഹ്യവും ആത്മീയതയും ഒത്തുചേരുന്ന ഓണാട്ടുകരയുടെ വീരസ്മരണ പുതുക്കി ഓച്ചിറക്കളിക്ക് തുടക്കം. രണസ്മരണകൾ പുതുക്കി പരബ്രഹ്മ ഭൂമിയിലെ അങ്കത്തട്ടിൽ യോദ്ധാക്കൾ അങ്കം കുറിച്ചു.
അധിനിവേശ ശക്തികള്‍ക്കെതിരെ ആത്മാഭിമാനം കൈമുതലാക്കിയ ജനത നടത്തിയ പടയോട്ടത്തിെൻറ സ്മരണകളിരമ്പുന്ന ഓച്ചിറക്കളി ഇന്ന് സമാപിക്കും.
കേരളത്തിന്റെ തനത് പാരമ്പര്യവും വീരപൈതൃകവും വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിക്ക് ഓണാട്ടുകരയിലെ 52 കരകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് അണിനിരക്കുന്നത്. മലയാള മാസത്തിലെ മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ആയോധനകലാ ഉത്സവം.ഓണാട്ടുകരയിലെ 52 കരകളിൽ നിന്നുള്ള യോദ്ധാക്കളാണ് വാളിന് പകരം വടികളേന്തി പടനിലത്ത് അണിനിരക്കുന്നത്. ചെളി വെള്ളത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കും പടിഞ്ഞാറും കരക്കാരായി തിരിഞ്ഞ് ഇവർ പ്രതീകാത്മകമായി പരസ്പരം പോരാടും. .
രണ്ട് നൂറ്റാണ്ടുമുമ്പ് കായംകുളം രാജവംശവും വേണാട് രാജവംശവും തമ്മിൽ നടന്ന ചരിത്രപോരാട്ടങ്ങളുടെ സ്മരണയും ഈ കളിക്കു പിന്നിലുണ്ടെന്നാണ് ചരിത്രം.ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായും, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായും ഓച്ചിറക്കളിയെ ഭക്തർ കാണുന്നു.
ഓണാട്ടുകരയിൽ ഉൾപ്പെട്ട കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളിലെ കരകളിൽ നിന്നായി മൂവായിരത്തോളം പേരാണ് പടനിലത്ത് ഇറങ്ങുന്നത്.30 ദിവസം വ്രതശുദ്ധിയോടെ വിവിധ കളരികളിൽനിന്നാണ് ഇവർ പരിശീലനം നേടുക. .കളിയാശാന്മാരുടെ നേതൃത്വത്തിൽ യോദ്ധാക്കൾ പടനിലത്ത് അണിനിരന്ന് ശംഖനാദം മുഴങ്ങുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം.
ഘോഷയാത്രയ്ക്ക് ശേഷമാണ് കരക്കളി ആരംഭിക്കുന്നത്
കളി കഴിഞ്ഞ് പടയാളികൾ ആൽത്തറകളിലെത്തി തൊഴുത് പ്രാർഥിക്കുന്നതോടെയാണ് ചടങ്ങ് അവസാനിക്കുന്നത്.
ജാതി-മത ഭേദമന്യേ, ഉയർച്ച താഴ്ചകളില്ലാതെ എല്ലാവരും ഒരുപോലെ ചെളിയിലിറങ്ങി പങ്കെടുക്കുന്നത് പരബ്രഹ്മ സങ്കൽപ്പത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്.
ശ്രീകോവിലോ പ്രതിഷ്ഠയോ ഇല്ലാത്ത ‘ദക്ഷിണകാശി’ എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രവുമായി ചേർന്നുനിൽക്കുന്ന ഈ ആഘോഷം ചരിത്രവും ഐതിഹ്യവും ആത്മീയതയും സമന്വയിപ്പിക്കുന്ന അപൂർവമായ കേരളീയ പാരമ്പര്യത്തിന്റെ നേർക്കാഴ്ച കൂടിയാണ്.



































