26.7 C
Kollam
Wednesday 9th September, 2026 | 03:13:23 AM
Home News Breaking News മെസിയെ കൊണ്ടുവരുന്നതല്ല ലക്ഷ്യം; കേരളത്തിൽ പുതിയ മെസിമാരെ വളർത്തണം: കായികമന്ത്രി

മെസിയെ കൊണ്ടുവരുന്നതല്ല ലക്ഷ്യം; കേരളത്തിൽ പുതിയ മെസിമാരെ വളർത്തണം: കായികമന്ത്രി

തൃശൂർ: മെസിയെ എത്തിക്കുന്നതിനേക്കാൾ പ്രാധാന്യം കേരളത്തിൽ മെസിമാരെ വാർത്തെടുക്കുന്നതിനാണെന്ന് മന്ത്രി ഒ ജെ ജനീഷ്. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കായിക മന്ത്രി. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസിയെ കൊണ്ടുവരാൻ ശ്രമിച്ചത് അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടാണോ എന്ന് പരിശോധിക്കും. കലൂർ സ്റ്റേഡിയത്തിലെ മരം മുറിച്ചതും സ്റ്റേഡിയം നവീകരണവും സംബന്ധിച്ച് അന്വേഷണം നടത്താനും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു.

സ്കൂളുകളിൽ മറ്റുവിഷയങ്ങൾക്ക് നൽകുന്ന അതേ പരിഗണന കായിക വിദ്യാഭ്യാസത്തിനും നൽകേണ്ടതുണ്ടെന്നും ജനീഷ് പറഞ്ഞു. കായിക മന്ത്രിയെന്ന നിലയിൽ പരമാവധി കളിസ്ഥലങ്ങൾ ഒരുക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാരിലേക്ക് പുതിയ പദ്ധതികൾ സമ‌ർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന് ഇത്തരം കാര്യങ്ങളിൽ വീഴ്ച പറ്റിയതായും അദ്ദേഹം കുറ്റപ്പെടുത്തി.