Home News Local കൊല്ലത്ത് ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത്...

കൊല്ലത്ത് ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി….ഒന്നാം പ്രതിയായ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു

Advertisement

കടയ്ക്കല്‍: ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഭര്‍ത്താവ് ഉള്‍പ്പെടെ പ്രതികളായ മറ്റ് മൂന്നുപേരെയും കോടതി വെറുതേവിട്ടു.

Also Read:


കടയ്ക്കല്‍ കുമ്മിള്‍ പുള്ളിപ്പച്ച തടത്തരികത്തുവീട്ടില്‍ ഷാജഹാന്റെ ഭാര്യ റംലാബീവിയെ (40) മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. ചടയമംഗലം പോരേടം ചരുവിള പുത്തന്‍വീട്ടില്‍ നവാസിനെയാണ് (44) കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി.ആര്‍. റീനാദാസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവുശിക്ഷ അനുഭവിക്കണം. കേസിലെ ഒന്നാംപ്രതി ഷാജഹാന്‍ (60), മൂന്നാം പ്രതി ചടയമംഗലം മേടയില്‍ റാണി മന്‍സിലില്‍ അജി (43), പുള്ളിപ്പച്ച സലീനാ മന്‍സിലില്‍ ഷംസീര്‍ (44) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.
2019 ഫെബ്രുവരി 24നായിരുന്നു സംഭവം. ഷാജഹാനുമായി പിണങ്ങിക്കഴിഞ്ഞിരുന്ന റംലാ ബീവിയും മക്കളും കൊട്ടാരക്കര കുടുംബകോടതി അദാലത്തിലെ തീര്‍പ്പിനെത്തുടര്‍ന്നാണ് ഷാജഹാന്റെ വീട്ടില്‍ താമസം ആരംഭിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന ഷാജഹാന്‍ ഇവരെയും മക്കളെയും വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. തന്റെ എതിര്‍പ്പ് അവഗണിച്ച് വീട്ടില്‍ തുടര്‍ന്ന റംലാബീവിയെ കൊലപ്പെടുത്താന്‍ ഷാജഹാന്‍ ഗൂഢാലോചന നടത്തുകയും ഷംസീര്‍ വഴി നവാസിന് ക്വട്ടേഷന്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് രാത്രി നവാസും അജിയും ഷാജഹാന്റെ വീട്ടിലെത്തി. ആറും പന്ത്രണ്ടും വയസുള്ള മക്കളോടൊപ്പം ഹാളില്‍ ടിവി കണ്ടുകൊണ്ടിരുന്ന റംലാബീവിയെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം നവാസ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയും ക്വട്ടേഷനും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തെളിവുകളുടെ അഭാവത്തിലാണ് മറ്റ് മൂന്ന് പ്രതികളെയും വെറുതേവിട്ടത്. 36 സാക്ഷികളുണ്ടായിരുന്ന കേസില്‍ പത്ത് തൊണ്ടിമുതലും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകന്‍ ഡി.എസ്. സോനു ഹാജരായി.

Advertisement