പത്മാവതി അമ്മയ്ക്ക് പ്രായം 81,
109 വയസ്സുള്ള ജില്ലയിലെ മുതിർന്ന വോട്ടറെന്ന് ഇലക്ഷൻ കമ്മീഷൻ!

കുന്നത്തൂർ : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള ഇലക്ഷൻ ഐ.ഡിയും ആധാർ കാർഡും ചൂണ്ടിക്കാട്ടി കുന്നത്തൂർ പടിഞ്ഞാറ് തഴവായ്യത്ത് വീട്ടിൽ പത്മാവതി അമ്മ പറയുന്നു തനിക്ക് പ്രായം 81 തികഞ്ഞുവെന്ന്.പക്ഷേ ഇത് സമ്മതിക്കാൻ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ തയ്യാറല്ല.അവർ പറയുന്നത് പത്മാവതി അമ്മയുടെ പ്രായം 109 ആണെന്ന്.ജില്ലയിലെ ഏറ്റവും പ്രായം കൂടിയ നാല് വോട്ടർമാരിൽ ഒരാളണത്രേ പത്മാവതി അമ്മ.ഇത് സംബന്ധിച്ച ഔദ്യോദിക വിജ്ഞാപനവും കമ്മീഷൻ പുറത്തിറക്കി.കുന്നത്തൂർ പഞ്ചായത്തിലെ 58-ാം നമ്പർ ബൂത്തിൽ ഉൾപ്പെട്ട പത്മാവതി അമ്മയുടെ പോളിങ് സ്റ്റേഷൻ കുന്നത്തൂർ ജി.എൽ.പി സ്ക്കൂളിലെ രണ്ടാം ഭാഗമാണെന്നും കമ്മീഷൻ പറയുന്നു.എന്നാൽ നിലവിലുളള പ്രായത്തേക്കാൾ 28 വയസ്സ് കൂടുതലാക്കി തന്നെ ജില്ലയിലെ മുതിർന്ന വോട്ടറായി അവതരിപ്പിക്കാൻ കമ്മീഷൻ തിടുക്കം കാട്ടുന്നതെന്തിനെന്ന ചോദ്യമാണ് പത്മാവതി അമ്മ ഉയർത്തുന്നത്.ഒരു മാസം മുമ്പ് പഞ്ചായത്ത് ഓഫീസിൽ നിന്നും വിളിച്ചിരുന്നതായും ബിഎൽഒയ്ക്ക് വാട്സാപ്പ് വഴി ആധാർ അടക്കമുള്ളവ അയച്ചു കൊടുത്തിരുന്നതായും ഇവർ പറയുന്നു.വോട്ടർ പട്ടികയിൽ വർഷങ്ങളായി പത്മാവതി അമ്മയുടെ പ്രായം 109 എന്ന കണക്കിലായിരുന്നുവത്രേ.ഇത് തിരുത്താൻ പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ഒരു മാസം മുമ്പ് താലൂക്ക് ഓഫീസിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതായും അവർക്ക് സംഭവിച്ച പിശകായിരിക്കാം ഗുരുതരമായ വീഴ്ചയ്ക്ക് ഇടയാക്കിയതെന്നും ബിഎൽഒ പറയുന്നു.പത്മാവതി അമ്മയുടെ ഭർത്താവ് രാഘവൻ പിള്ള (93) രണ്ടര വർഷം മുമ്പാണ് മരിച്ചത്.മകൾ ജയശ്രീക്കും പി.ജി വിദ്യാർത്ഥിനിയായ ചെറു മകൾ ദേവികയ്ക്കുമൊപ്പമാണ് താമസം.

Advertisement